നഷ്ടപ്പെട്ട വോട്ടുകൾ കണ്ടെത്താൻ സി.പി.എം അവലോകന യോഗങ്ങൾ ഇന്നുമുതൽ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി പരിശോധിക്കാനും വാർഡുതലത്തിൽ നഷ്ടമായ വോട്ടുകളുടെ കണക്കെടുക്കാനും നിർദ്ദേശിച്ച് സി.പി.എം സംസ്ഥാന നേതൃത്വം. 26 നുള്ളിൽ സംസ്ഥാന നേതാക്കളുടെ സാന്നിദ്ധ്യത്തിൽ ജില്ലാ കമ്മിറ്റി യോഗങ്ങൾ പൂർത്തിയാക്കും. 27 ന് ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ ജില്ലാതല റിപ്പോർട്ടുകൾ പരിശോധിക്കും. തിരഞ്ഞെടുപ്പ് അവലോകനത്തിന് ഏരിയ, ലോക്കൽ കമ്മിറ്റി യോഗങ്ങൾ ഇന്നുമുതൽ ആരംഭിക്കാൻ സംസ്ഥാന നേതൃത്വം നിർദ്ദേശം നൽകി.
നഷ്ടമായ വാർഡുകളിൽ വോട്ട് അടിസ്ഥാനത്തിൽ വിശദ പരിശോധന നടത്തും. ചില ജില്ലകളിൽ സ്ഥാനാർത്ഥി നിർണയത്തിൽ പരാതികളുണ്ടായിരുന്നു. വിമതർ മത്സരിച്ച വാർഡുകളിൽ നിസാര വോട്ടിന് പാർട്ടി സ്ഥാനാർത്ഥികൾ പരാജയപ്പെട്ടിരുന്നു. അതിനാൽ സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ച പറ്റിയെന്ന പാർട്ടിതലത്തിലെ ആരോപണവും ജില്ലാ കമ്മിറ്റികൾ പരിശോധിക്കും.
ഇടതുമുന്നണി യോഗം ഇന്ന്
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ്ഫലം പരിശോധിക്കാൻ ഇന്ന് ഇടതുമുന്നണി യോഗം ചേരും. ഇന്നലെ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ചേർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നു രാവിലെ 10ന് മുന്നണി യോഗം ചേരുന്നത്. ഭരണ വിരുദ്ധ വികാരമില്ലെന്നാണ് ഇന്നലെ ചേർന്ന സി.പി.എം സെക്രട്ടേറിയറ്റ് വിലയിരുത്തിയത്. എന്നാൽ, അതുണ്ടായെന്ന വിലയിരുത്തലാണ് സി.പി.ഐയുടെത്. തങ്ങളുടെ അഭിപ്രായം ഇന്നുകൂടുന്ന ഇടതുമുന്നണി യോഗത്തിൽ അവതരിപ്പിക്കാനാണ് സി.പി.ഐ തീരുമാനം.