പഹൽഗാം ഭീകരാക്രമണം : ലഷ്കറെ നേതാക്കളെ പ്രതിയാക്കി കുറ്റപത്രം

Tuesday 16 December 2025 12:00 AM IST

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണം ആസൂത്രണം ചെയ്‌തു നടപ്പാക്കിയത് പാക് ഭീകരസംഘടനകളായ ലഷ്കറെ ത്വയ്ബയും, അവരുടെ നിയന്ത്രണത്തിലുള്ള ദ റെസിസ്റ്റൻസ് ഫ്രണ്ടും (ടി.ആർ.എഫ്) ചേർന്നാണെന്ന് എൻ.ഐ.എ ഇന്നലെ സമർപ്പിച്ച കുറ്രപത്രത്തിൽ വ്യക്തമാക്കി.

പാക് പങ്ക് വ്യക്തമാക്കുന്ന സാക്ഷിമൊഴികൾ, ഫോറൻസിക്-ഡിജിറ്റൽ തെളിവുകൾ എന്നിവയടക്കം ഉൾക്കൊള്ളുന്ന 1597 പേജുള്ള കുറ്റപത്രം ജമ്മുവിലെ എൻ.ഐ.എ പ്രത്യേക കോടതിയിലാണ് സമർപ്പിച്ചത്. ലഷ്കറെ ത്വയ്ബ സഹസ്ഥാപകൻ ഹഫീസ് സായീദ്, ടി.ആർ.എഫ് നേതാവ് സാജിദ് സയിഫുള്ള ജട്ട്, ആക്രമണം നടന്ന് 99ാം ദിനത്തിൽ ശ്രീനഗറിലെ ദച്ചിഗാം വനമേഖലയിൽ സുരക്ഷാസേന നടത്തിയ ഓപ്പറേഷൻ മഹാദേവിൽ കൊല്ലപ്പെട്ട മൂന്ന് പാക് ഭീകരർ എന്നിവരാണ് പ്രതിപ്പട്ടികയിൽ. നിരപരാധികളെ വെടിവച്ചു കൊന്ന സുലൈമാൻ ഷാ എന്ന ഫൈസൽ ജട്ട്, ജിബ്രാൻ എന്ന ഹബീബ് താഹിർ, ഹംസ അഫ്ഗാനി എന്നിവരെ കഴിഞ്ഞ ജൂലായ് 29ന് സുരക്ഷാ സേന വധിച്ചിരുന്നു. ടി.ആർ.എഫ് നേതാവ് സാജിദ് സയിഫുള്ള ജട്ടിനെ കുറിച്ച് വിവരം നൽകുന്നവർക്ക് എൻ.ഐ.എ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രതികളിൽ ഒളിയിടം

ഒരുക്കിയവരും

ഭീകരർക്ക് ഒളിത്താവളം ഒരുക്കിയതിന് കാശ്‌മീർ സ്വദേശികളായ പർവേസ് അഹമ്മദ്, ബാഷിർ അഹമ്മദ് ജോധർ എന്നീ പ്രതികളെ ജൂൺ 22ന് അറസ്റ്ര് ചെയ്‌തിരുന്നു. ഇവരിൽ നിന്നാണ് ആക്രമണം നടത്തിയത് പാക് ഭീകരരാണന്ന സ്ഥിരീകരണം ലഭിച്ചത്. ഭീകരർ നിയന്ത്രണരേഖ മറികടന്നാണ് കാശ്‌മീരിലെത്തിയതെന്നും ചോദ്യംചെയ്യലിൽ വ്യക്തമായി. ഭീകരന്മാരെ പഹൽഗാമിലേക്ക് വഴികാട്ടിയ മുഹമ്മദ് യൂസഫും പ്രതി പട്ടികയിലുണ്ട്. കഴിഞ്ഞ ഏപ്രിൽ 22നായിരുന്നു രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം. മതം ചോദിച്ചു കൊണ്ടാണ് 26 പേരെ പോയിന്റ് ബ്ലാങ്കിൽ വെടി വച്ചു കൊന്നത്.

ഇന്ത്യൻ സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ചുകളഞ്ഞ നടപടിയെ അതേ നാണയത്തിൽ ഓപ്പറേഷൻ സിന്ദൂറെന്ന് പേരിട്ട് രാജ്യം തിരിച്ചടിച്ചു. പാകിസ്ഥാനിലെയും പാക് അധീന കാശ്‌മീരിലെയും ഭീകര പരിശീലന കേന്ദ്രങ്ങൾ തകർത്തു. പാകിസ്ഥാനിലെ സൈനിക താവളങ്ങൾ നശിപ്പിച്ചു. പാകിസ്ഥാന്റെ ഡ്രോണുകളെയും മിസൈലുകളെയും ഇന്ത്യൻ സേന ആകാശത്തു വച്ച് തകർത്തു തരിപ്പണമാക്കി.