യു.ഡി.എഫ് വിപുലീകരിക്കും:സതീശൻ
കോട്ടയം: യു.ഡി.എഫ് അടിത്തറ അടുത്ത തിരഞ്ഞെടുപ്പിനു മുമ്പ് വിപുലീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. അതിൽ എൽ.ഡി.എഫിലെയും എൻ.ഡി.എയിലെയും കക്ഷികൾ ഉണ്ടാവും. മുന്നണി രാഷ്ട്രീയത്തിന് പുതിയ മാനങ്ങൾ നൽകുന്ന വിപുലമായ രാഷ്ട്രീയ പ്ലാറ്റ്‌ഫോമായുള്ള ശക്തിയോടെയാകും യു.ഡി.എഫ് നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടുക.
തദ്ദേശ തിരഞ്ഞെടുപ്പ് വിജയിച്ചതോടെ എല്ലാം ആയി എന്ന വിചരാമില്ല. നിയമസഭ തിരഞ്ഞെടുപ്പ് ജയിക്കാൻ ഇതിനേക്കാൾ കഠിനാധ്വാനം വേണം. അത് പാർട്ടി നേതാക്കളും പ്രവർത്തകരും ഭംഗിയായി ചെയ്യും. തദ്ദേശ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്മാരെ മുന്നണി ജില്ലാനേതൃത്വം തീരുമാനിക്കും.
യു.ഡി.എഫ് വിപുലീകരിക്കണം: മുസ്ലിം ലീഗ്
കോഴിക്കോട്: സമാനചിന്തഗതിയുള്ള പാർട്ടികളെ ഉൾപ്പെടുത്തി മുന്നണി വിപുലീകരിക്കണമെന്ന ആവശ്യവുമായി മുസ്ലിംലീഗ്. ലീഗ് സംസ്ഥാന കമ്മിറ്റി യോഗത്തിനെത്തിയ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പി.എം.എ സലാം എന്നിവരാണ് ഈ ആവശ്യമുന്നയിച്ചത്. കേരള കോൺഗ്രസ് (എം) അടക്കം പാർട്ടികൾക്ക് തിരിച്ചുവരാനുള്ള സമയമാണിതെന്നും മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കുത്തരമായി നേതാക്കൾ പറഞ്ഞു.