സി.യു.ഇ.ടി പി.ജി 2026 രജിസ്ട്രേഷൻ

Tuesday 16 December 2025 12:28 AM IST

കേന്ദ്ര സർവകലാശാലകൾ ഉൾപ്പെടെ രാജ്യത്തെ വിവിധ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലെ വിവിധ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന സി.യു.ഇ.ടി പി.ജി 2026 പരീക്ഷയ്ക്ക് ജനുവരി 14 വരെ രജിസ്റ്റർ ചെയ്യാം. 2026-27 അദ്ധ്യയന വർഷ പ്രവേശനമാണ് നടക്കുക. വെബ്സൈറ്റ്: exams.nta.nic.in/cuet-pg.

അപേക്ഷയിൽ തെറ്റുണ്ടെങ്കിൽ 2026 ജനുവരി 18 മുതൽ 20 വരെ തിരുത്തൽ വരുത്താം. തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2026 മാർച്ചിലായിരിക്കും സി.യു.ഇ.ടി പി.ജി പരീക്ഷ.

ലാംഗ്വേജ്, സയൻസ്, ഹ്യുമാനിറ്റീസ്, എം.ടെക്/ ഹയർ സയൻസ്, ആചാര്യ, പൊതു (നിയമം, ഇക്കണോമിക്സ്, ബി.എഡ് ലാംഗ്വേജസ്, അഗ്രി ബിസിനസ് മാനേജ്മെന്റ് ) വിഷയങ്ങളിലായി 157 സബ്ജക്ടുകളിൽ പരീക്ഷ ഉണ്ട്.

ഇന്ത്യയിൽ 292 കേന്ദ്രങ്ങളിലും ഇന്ത്യയ്ക്കു പുറത്ത് 16 കേന്ദ്രങ്ങളിലും പരീക്ഷ നടക്കും. കേരളത്തിൽ ഇടുക്കി, കണ്ണൂർ, കാസർകോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂർ, വയനാട്, ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളും ലക്ഷദ്വീപിൽ കവരത്തിയും പരീക്ഷാ കേന്ദ്രങ്ങളാണ്.