തിരിച്ചടി പരിശോധിക്കും: എം.വി. ഗോവിന്ദൻ # അടിത്തറ ഭദ്രം
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി പരിശോധിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സംസ്ഥാനതലത്തിൽ ഫലം പരിശോധിച്ചാൽ ഇടതുമുന്നണിയുടെ അടിത്തറ ഭദ്രമാണ്. 68 നിയമസഭാ മണ്ഡലങ്ങളിൽ ഇടതുമുന്നണിക്കു തന്നെയാണു മുൻതൂക്കം. ഭരണ വിരുദ്ധവികാരം ഉണ്ടായിട്ടില്ല. സർക്കാരിന്റെ മികച്ച പ്രവർത്തനത്തിനിടയിലും നേരിട്ട തിരിച്ചടി വിശദമായി പാർട്ടി പരിശോധിക്കുമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ എം.വി ഗോവിന്ദൻ പറഞ്ഞു.
സ്വർണക്കൊള്ളക്കേസ് തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് തിരിച്ചടിയായിട്ടില്ല. അങ്ങനെയുണ്ടായെങ്കിൽ ഗുണം ബി.ജെ.പിക്കാണ് ലഭിക്കേണ്ടത്. മദ്ധ്യകേരളത്തിലെയും മലപ്പുറം ജില്ലയിലെയും പരാജയം പരിശോധിക്കും. നല്ല തിരിച്ചടിയാണ് ഇവിടങ്ങളിൽ ഉണ്ടായത്. യു.ഡി.എഫ്- ബി.ജെ.പി ബന്ധം ചില ജില്ലകളിൽ ശക്തമായിരുന്നു. എൽ.ഡി.എഫിനെതിരായി വർഗീയ ശക്തികളും യു.ഡി.എഫും തിരഞ്ഞെടുപ്പിൽ ഒന്നിച്ചുനിന്നു. ഇടതു മുന്നണിക്ക് കനത്ത തിരിച്ചടിയുണ്ടായെന്ന് ആരോപണം ഉന്നയിക്കുന്ന മാദ്ധ്യമങ്ങൾ തന്നെ 58 നിയമസഭാ മണ്ഡലങ്ങളിൽ എൽ.ഡി.എഫ് മുന്നിലാണെന്ന് ചൂണ്ടിക്കാണിക്കുന്നു.
തിരുവനന്തപുരം നഗരസഭയിൽ എൽ.ഡി.എഫ് തന്നെയാണ് ഇപ്പോഴും ഒന്നാമത്തെ ശക്തി. എൽ.ഡി.എഫിന് 1,75,000 വോട്ടുകൾ ലഭിച്ചപ്പോൾ ബി.ജെ.പിക്ക് 1,65,000 വോട്ടും യു.ഡി.എഫിന് 1,25,000 വോട്ടുമാണ് ലഭിച്ചത്. ബി.ജെ.പി വിജയിച്ച 41 മണ്ഡലങ്ങളിൽ യു.ഡി.എഫ് മൂന്നാം സ്ഥാനത്താണ്. 25 വാർഡുകളിൽ യു.ഡി.എഫിന് 1000 ത്തിൽ താഴെ വോട്ടുകൾ മാത്രമാണ് ലഭിച്ചത്. എൽ.ഡി.എഫിനെതിരായ ബി.ജെ.പിയുടെയും യു.ഡി.എഫിന്റെയും ഇടപെടലാണിത്. തിരുവനന്തപുരം നഗരസഭ പിടിച്ചതൊഴിച്ചാൽ ജില്ലാ പഞ്ചായത്തുകളിൽ ബി.ജെ.പിക്ക് തിരിച്ചടിയാണുണ്ടായത്. ജില്ലാ കമ്മിറ്റികളുടെ പ്രാഥമിക പരിശോധനയ്ക്ക് ശേഷം സംസ്ഥാന കമ്മിറ്റി വിശദമായി പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തും. കുതിരക്കച്ചവടത്തിലൂടെ അധികാരം പിടിച്ചെടുക്കാൻ പാർട്ടി ശ്രമിക്കില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.