വിമർശനവുമായി സി.പി.എം നേതാവ്.... എന്നെ തോൽപ്പിക്കാൻ പാർട്ടി ഏരിയാ സെക്രട്ടറി ശ്രമിച്ചു

Tuesday 16 December 2025 12:00 AM IST

പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പത്തനംതിട്ടയിലെ സി.പി.എമ്മിൽ പൊട്ടിത്തെറി. കോഴഞ്ചേരി ഏരിയ കമ്മിറ്റിയുടെ കീഴിൽ വരുന്ന തദ്ദേശ സ്ഥാപനങ്ങളിൽ പാർട്ടി പരാജയപ്പെട്ടതിന്റെ കാരണക്കാരൻ ഏരിയ സെക്രട്ടറി ടി.വി.സ്റ്റാലിനാണെന്ന് തുറന്നടിച്ച് മുൻ എം.എൽ.എ കെ.സി.രാജഗോപാലൻ. മെഴുവേലി പഞ്ചായത്തിലെ എട്ടാംവാർഡിൽ 28 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാജഗോപാലൻ വിജയിച്ചത്.

തനിക്ക് കിട്ടേണ്ട പാർട്ടി വോട്ടുകൾ നഷ്ടപ്പെട്ടതിനും മെഴുവലിയിലെ ഭരണം നഷ്ടപ്പെട്ടതിനും പിന്നിൽ സ്റ്റാലിനാണെന്ന് രാജഗോപാലൻ ആരോപിച്ചു. ഏരിയ സെക്രട്ടറി പിടിപ്പുകെട്ടയാളാണ്. എന്നെ തോൽപ്പിക്കാൻ ശ്രമിച്ചു. അതുകൊണ്ടാണ് ഭൂരിപക്ഷം കുറഞ്ഞത്. കോഴഞ്ചേരി ഏരിയയിൽ പാർട്ടിയുടെ തകർച്ചയ്ക്കുകാരണം സ്റ്റാലിനാണ്. എന്റെ ഷർട്ടിൽ പിടിച്ചുകയറി വന്നയാളാണ്.

അയാളിപ്പോൾ പത്രവും മാസികയുമൊന്നും വായിക്കാറില്ല. സമൂഹത്തിൽ എന്താണ് നടക്കുന്നതെന്ന് അയാൾക്കറിയില്ല. 75എന്ന പ്രായം കടന്നതിനെ തുടർന്ന് പാർട്ടിച്ചുമതലകളിൽ നിന്ന് താൻ ഒഴിവാക്കപ്പെട്ടപ്പോൾ പടക്കംപൊട്ടിച്ച് ആഘോഷിച്ചവരാണ് ഏരിയ സെക്രട്ടറിയും കൂട്ടരും. അയാളെപ്പോലുള്ളവർ പാർട്ടിയിൽ ഉണ്ടാകാൻ പാടില്ല.

നിയമസഭാ തിരഞ്ഞെടുപ്പിൽ ആറൻമുളയിൽ വീണാജോർജിനെ മാറ്റി മത്സരിക്കാൻ അയാൾ ഇടിച്ചുനിൽക്കുകയാണ്. മെഴുവേലി പഞ്ചായത്തിൽ അറിയാവുന്ന ആരും അയാൾക്ക് വോട്ടു ചെയ്യില്ല. കോൺഗ്രസുകാരും അക്ഷരം അറിയാവുന്നവരുമാണ് തനിക്ക് വോട്ടുചെയ്തതെന്നും പറഞ്ഞു. അതേസമയം, രാജഗോപാലൻ പറഞ്ഞത് വസ്തുതാ വിരുദ്ധമാണെന്ന് ഏരിയ സെക്രട്ടറി ടി.വി.സ്റ്റാലിൻ പറഞ്ഞു. പരാതി പറയേണ്ടത് പാർട്ടിക്കുള്ളിലാണെന്നും വ്യക്തമാക്കി.