എസ്.ഐ.ആർ: 25 ലക്ഷം വോട്ടർമാർ പുറത്ത്, കൂടുതൽ തിരുവനന്തപുരത്ത് 4.36 ലക്ഷം
കരട് വോട്ടർ പട്ടിക 23ന്
തിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക പരിഷ്കരണ (എസ്.ഐ.ആർ) നടപടികൾ അന്തിമ ഘട്ടത്തിലേക്ക് നീങ്ങവേ സംസ്ഥാനത്ത് 25,72,889 വോട്ടർമാർ പുറത്ത്. കരട് വോട്ടർപട്ടിക 23ന് പ്രസിദ്ധീകരിക്കും. ഒക്ടോബറിൽ എസ്.ഐ.ആർ നടപടി തുടങ്ങിയപ്പോൾ പട്ടികയിലുണ്ടായിരുന്നവർ 2,78,59,855പേർ. കരട് പട്ടികയിൽ ഉണ്ടാവുക 2,52,86,966പേർ. പുറത്താക്കപ്പെടുന്നവരിൽ കൂടുതൽ തിരുവനന്തപുരത്ത്- 4,36,857.
പുറത്താകുന്നവരുടെ പട്ടിക ഇന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. കരട് പട്ടികയിൽ ഉണ്ടെങ്കിലും 2002ലെ പട്ടികയുമായി മാപ്പിംഗ് നടത്താനാകാത്തവർക്ക് തെളിവ് ഹാജരാക്കാൻ നോട്ടീസ് നൽകും. ബോദ്ധ്യപ്പെട്ടാൽ നിലനിറുത്തും. അല്ലെങ്കിൽ ഒഴിവാക്കും.
എന്യൂമറേഷൻ ഫോം ഡിജിറ്റൈസ് ചെയ്യാൻ പറ്റാത്തതിലൂടെ ഉൾപ്പെടാതെ പോയവർ 71,877, മരിച്ചവർ 6,44,547, കണ്ടെത്താൻ സാധിക്കാത്തവർ 7,11,958, സ്ഥിരമായി താമസം മാറിയവർ 8,19,346, ഇരട്ടിപ്പ് 1,31,530, മറ്റുകാരണങ്ങളാൽ ഉൾപ്പെടാത്തവർ 1,93,631 എന്നിങ്ങനെയാണ് പുറത്താക്കപ്പെടുന്നവരെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഒാഫീസർ ഡോ.രത്തൻ യു. ഖേൽക്കർ അറിയിച്ചു. പരാതിയുണ്ടെങ്കിൽ ജനുവരി 22വരെ അറിയിക്കാം. ഫെബ്രുവരി 14വരെ ഹിയറിംഗ്. ഫെബ്രുവരി 21ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും.
പുറത്തായ വോട്ടർമാർ
(ജില്ല തിരിച്ച്)
തിരുവനന്തപുരം............... 4,36,857
എറണാകുളം..................... 3,34,962
കാസർകോട്...................... 63,114
വയനാട്.............................. 37,422
കൊല്ലം................................ 1,68,018
മലപ്പുറം............................... 1,79,673
പാലക്കാട്............................ 2,00,070
തൃശൂർ................................. 2,56,842
ഇടുക്കി............................... 1,28,333
കോഴിക്കോട്.......................1,94,588
പത്തനംതിട്ട...................... 1,00,948
ആലപ്പുഴ............................. 1,44,243
കോട്ടയം.............................. 1,66,010
കണ്ണൂർ................................. 89,932
എതിർത്ത് രാഷ്ട്രീയ പാർട്ടികൾ
വോട്ടർപട്ടികയിൽ നിന്ന് ഇത്രയധികം പേരെ ഒഴിവാക്കുന്നതിൽ ബി.ജെ.പി ഒഴികെയുള്ള പല രാഷ്ട്രീയ പാർട്ടികളും എതിർത്തു. ഇന്നലെ ഇലക്ഷൻ കമ്മിഷൻ വിളിച്ചുചേർത്ത യോഗത്തിലാണിത്. പുറത്താക്കപ്പെടുന്നവരുടെ പട്ടിക കൈമാറണം. പരിശോധിച്ച് ഇവരെ ഉൾപ്പെടുത്താനുള്ള നടപടികൾക്ക് കൂടുതൽ സമയം നൽകണമെന്നും ആവശ്യപ്പെട്ടു. പട്ടികയിലെ ഇരട്ടിപ്പ് ഇപ്പോൾ കണ്ടെത്തിയതിലും കൂടുതലായിരിക്കാനാണ് സാദ്ധ്യതയെന്ന് ബി.ജെ.പി പ്രതിനിധി ജെ.ആർ.പത്മകുമാർ പറഞ്ഞു. എന്യൂമറേഷൻ ഫോം തിരിച്ചുനൽകാൻ വിസമ്മതിച്ചവരുണ്ടെന്ന് പറയുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് സി.പി.എം നേതാവ് എം.വി.ജയരാജൻ വ്യക്തമാക്കി. ഒഴിവാക്കിയവരുടെ പേരുകൾകൂടി ഉൾപ്പെടുത്തിയാകണം കരട് പട്ടിക പ്രസിദ്ധീകരിക്കാനെന്ന് കോൺഗ്രസ് നേതാവ് എം.കെ.റഹ്മാൻ ആവശ്യപ്പെട്ടു. സത്യൻമൊകേരി (സി.പി.ഐ), മാത്യു ജോർജ് (കേരള കോൺ.), മുഹമ്മദ് ഷാ (മുസ്ളിംലീഗ്) തുടങ്ങിയവരും പങ്കെടുത്തു.