ഹാട്രിക് തിളക്കത്തിൽ മാജിക് എഫ്.സി ഫൈനലിൽ

Monday 15 December 2025 11:53 PM IST

തൃശൂർ: കണ്ടത് മാജിക്കല്ല, യാഥാർത്ഥ്യം. മാന്ത്രിക കളി പുറത്തെടുത്ത തൃശൂർ മാജിക് എഫ്.സി ചരിത്രത്തിലാദ്യമായി സൂപ്പർ ലീഗ് കേരള ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ഫൈനലിലേക്ക് കുതിച്ചെത്തി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് മലപ്പുറം എഫ്.സിയെ തറപറ്റിച്ചാണ് ഫൈനലിലെത്തിയത്. മാർക്കസ് ജോസഫിന്റെ ഹാട്രിക് ഗോളുകളാണ് തൃശൂരിന് ചരിത്ര വിജയം സമ്മാനിച്ചത്. 19ന് കണ്ണൂരിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ കണ്ണൂർ വാരിയേഴ്‌സിനെ തൃശൂർ മാജിക് എഫ്.സി നേരിടും.

ആദ്യന്തം കാണികൾക്ക് ആകാംക്ഷ നിറച്ച മത്സരത്തിൽ ആദ്യ പകുതിയുടെ 26ാം മിനിറ്റിൽ മാർക്കസ് ഫ്രീ കിക്കിലൂടെ നേടിയ ഗോളിലൂടെയാണ് തൃശൂർ മുന്നിലെത്തിയത്. പെനാൽറ്റി ബോക്‌സിന് തൊട്ടടുത്ത് നിന്നെടുത്ത ഫ്രീ കിക്ക് മലപ്പുറത്തിന്റെ മതിലായി നിന്ന നിഥിന്റെ കാലിൽ തട്ടി നേരെ പോസ്റ്റിനുള്ളിൽ പതിച്ചു. ഗോൾ മടക്കാനുള്ള മലപ്പുറത്തിന്റെ നിരന്തര ശ്രമം ഒടുവിൽ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് ഫലം കണ്ടു. 46ാം മിനിറ്റിൽ പെനാൽറ്റി ബോക്‌സിന് തൊട്ടടുത്തു നിന്ന് അബ്ദിലായി എൽഫോഴ്‌സി തൊടുത്ത ഫ്രീ കിക്ക് തൃശൂരിന്റെ ഗോളി കമാലുദ്ദീനെ മറികടന്ന് നേരെ വലയിലെത്തി.

രണ്ടാം പകുതിയിൽ മലപ്പുറം ഉണർന്നു കളിച്ചതോടെ തൃശൂരിന് പ്രതിരോധത്തിലേക്ക് ഇറങ്ങേണ്ടി വന്നു. പക്ഷേ കിട്ടിയ അവസരം മുതലാക്കിയ തൃശൂരിന്റെ കെവിൻ നൽകിയ പാസിലൂടെ മാർക്കസ് വീണ്ടും ലക്ഷ്യം കണ്ടു. (2-1). കളി തീരാൻ ഒരു മിനിറ്റ് മാത്രം ബാക്കി നിൽക്കേ ഇഞ്ചുറി ടൈമിൽ 96ാം മിനിറ്റിൽ തൃശൂരിന്റെ മാർക്കസ് വീണ്ടും മലപ്പുറത്തിന്റെ വല കുലുക്കി. ഇതോടെ ഹാട്രിക് വിജയത്തോടെ തൃശൂർ മാജിക് എഫ്.സി കണ്ണൂരിലേക്ക് വണ്ടി കയറാൻ ടിക്കറ്റെടുത്തു.