നാലാം ട്വന്റി-20 നാളെ
ലക്നൗ : ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം നാളെ ലക്നൗവിൽ നടക്കും. പരമ്പരയിലെ ആദ്യത്തേയും മൂന്നാമത്തേയും മത്സരങ്ങളിൽ ജയിച്ചിരുന്ന ഇന്ത്യയ്ക്ക് നാളെക്കൂടി ജയിക്കാൻ കഴിഞ്ഞാൽ അഞ്ചുമത്സര
പരമ്പര സ്വന്തമാക്കാനാകും.
ആദ്യ മൂന്ന് മത്സരങ്ങളിലും ബെഞ്ചിലിരുന്ന മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണിന് നാളെയെങ്കിലും കളിക്കാൻ കഴിയുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ഓപ്പണറായി ശുഭ്മൻ ഗിൽ തരക്കേടില്ലാതെ ബാറ്റ് ചെയ്തതോടെ ഓപ്പണറായി സഞ്ജുവിന് അവസരം ലഭിച്ചേക്കില്ല. ജിതേഷ് ശർമ്മയ്ക്ക് പകരം വിക്കറ്റ് കീപ്പറാകാനും മദ്ധ്യനിരയിൽ ബാറ്റ്ചെയ്യാനുമാകും അവസരം ലഭിക്കുക.
വ്യക്തിപരമായ കാരണങ്ങളാൽ കഴിഞ്ഞ മത്സരത്തിൽ നിന്ന് വിട്ടുനിന്നിരുന്ന ജസ്പ്രീത് ബുംറ ലക്നൗവിൽ തിരിച്ചെത്തിയേക്കും. അക്ഷർ പട്ടേലിന് പരിക്കേറ്റതിനാൽ ധർമ്മശാലയിൽ കുൽദീപ് യാദവാണ് കളിച്ചിരുന്നത്. ലക്നൗവിലും കുൽദീപ് കളിച്ചേക്കും.