ഇന്ത്യയ്ക്ക് സ്ക്വാഷ് ലോകകപ്പ്
ചെന്നൈ : ചരിത്രത്തിലാദ്യമായി സ്ക്വാഷ് ലോകകപ്പിൽ മുത്തമിട്ട് ഇന്ത്യ. ഫൈനലിൽ ഹോംഗ്കോംഗിനെ 3-0ത്തിന് കീഴടക്കിയാണ് ഇന്ത്യയുടെ കിരീടധാരണം. ജോഷ്ന ചിന്നപ്പ, അഭയ് സിംഗ്, അനാഹത് സിംഗ്,വി.സെന്തിൽകുമാർ എന്നിവരാണ് ലോകകപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി അണിനിരന്നത്.
ആദ്യ മത്സരത്തിൽ, ലോക 37-ാം റാങ്കുകാരിയായ ലീ കായീയെ തോൽപ്പിച്ച് ജോഷ്ന ചിന്നപ്പ ഇന്ത്യയ്ക്കു മികച്ച തുടക്കം നൽകി. രണ്ടാം മത്സരത്തിൽ ഇന്ത്യൻ ഒന്നാം നമ്പർ താരം അഭയ് സിംഗ് അലക്സ് ലാവുവിനെ കീഴടക്കി. മൂന്നാം മത്സരത്തിൽ തൊമാട്ടോഹോ അനാഹത് സിംഗിന് മുന്നിലൽ വീണതോടെ ഇന്ത്യ കിരീടാവകാശികളായി.
ഒറ്റ മത്സരം പോലും തോൽക്കാതെയാണ് ഇന്ത്യയുടെ കിരീടനേട്ടം. ഗ്രൂപ്പ് റൗണ്ടിൽ സ്വിറ്റ്സർലാൻഡിനെയും ബ്രസീലിനെയും തോൽപ്പിച്ച് ക്വാർട്ടറിലെത്തിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ മറികടന്നു. മൂന്ന് തവണ ലോകകപ്പുയർത്തിയിട്ടുള്ള ഈജിപ്തിനെ സെമിയിൽ അട്ടിമറിച്ചു. 2023ൽ റണ്ണേഴ്സ് അപ്പായതായിരുന്നു ലോകകപ്പിലെ ഇന്ത്യയുടെ ഇതിനുമുമ്പുള്ള വലിയ നേട്ടം.