ചെറുകഥാകൃത്ത് എം.രാഘവൻ അന്തരിച്ചു
മാഹി: പ്രമുഖ ചെറുകഥാകൃത്തും നാടക രചയിതാവും നോവലിസ്റ്റും എം. മുകുന്ദന്റെ ജ്യേഷ്ഠ സഹോദരനുമായ എം.രാഘവൻ (94 ) അന്തരിച്ചു. ഇന്നലെ പുലർച്ചെ 5.30ന് ഭാരതിയാർ റോഡിലെ മണിയമ്പത്ത് തറവാട്ടിലായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖത്തെത്തുടർന്ന് ഒരു മാസമായി കിടപ്പിലായിരുന്നു. ഫ്രഞ്ചധീന മയ്യഴിയിൽ ഹോട്ടൽ ഉടമയായിരുന്ന മണിയമ്പത്ത് കൃഷ്ണന്റെയും കൊറമ്പാത്തിയുടെയും മകനാണ്. മയ്യഴിയിലെ എക്കോൽ സെംത്രാൽ എ കൂർ കോംപ്ലമാംതേറിൽ നിന്ന് മികച്ച രീതിയിൽ 'ബ്രവേ പരീക്ഷ" പാസായ എം.രാഘവൻ മുംബെയിലെ ഫ്രഞ്ച് കോൺസുലേറ്റിന്റെ സാംസ്‌കാരിക വിഭാഗത്തിലും ദില്ലിയിലെ എംബസിയിലും ജോലി ചെയ്തു. 1983ൽ എംബസിയുടെ സാംസ്‌കാരികവിഭാഗം സെക്രട്ടറിയായാണ് വിരമിച്ചത്. പിന്നീട് മയ്യഴിയിൽ സ്ഥിര താമസമാക്കിയ അദ്ദേഹം സാഹിത്യരചനയിൽ കൂടുതൽ സജീവമായി.
നനവ്,വധു,സപ്തംബർ അകലെയല്ല,ഇനിയുമെത്ര കാതം എന്നീ ചെറുകഥാസമാഹാരങ്ങളും നങ്കീസ്,അവൻ,യാത്ര പറയാതെ,ചിതറിയ ചിത്രങ്ങൾ എന്നീ നോവലുകളും കർക്കിടകം, ചതുരംഗം എന്നീ നാടകങ്ങളും 'എം.രാഘവന്റെ സമ്പൂർണ്ണ കഥാസമാഹാര"വുമാണ് പ്രധാന കൃതികൾ.
ഭാര്യ: അംബുജാക്ഷി (ഒളവിലം).മക്കൾ: ഡോ. പിയൂഷ്(നോവലിസ്റ്റ്, കോയമ്പത്തൂർ ), സന്തോഷ്. മരുമക്കൾ:ഡോ.മൻവീൻ (പഞ്ചാബ്), പ്രഭ (ധർമ്മടം). സംസ്‌കാരം മാഹി മുൻസിപ്പൽ വാതക ശ്മശാനത്തിൽ നടന്നു.
ഫ്രഞ്ച് ഭാഷ പണ്ഡിതൻ
ഫ്രഞ്ച് ഭാഷ പണ്ഡിതനായ എം.രാഘവൻ മയ്യഴി അലിയാൻസ് ഫ്രാൻസേസിന്റെ പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ചിരുന്നു. മയ്യഴിയിലെ എഴുത്തുകാരുടെ കൂട്ടായ്മയായ യൂന്യോം ദ് അമിക്കാലിന്റെ പ്രസിഡന്റായിരുന്ന അദ്ദേഹം മലയാള കലാഗ്രാമത്തിന്റെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ദില്ലി മലയാളിസമാജത്തിന്റെ വാർഷികങ്ങൾക്കായി ധാരാളം നാടകങ്ങൾ എഴുതിയിട്ടുണ്ട്. ഭാര്യ അംബുജാക്ഷി ഒട്ടുമിക്ക നാടകങ്ങളിലും നായികയായും വേഷമിട്ടിരുന്നു. ഇളക്കങ്ങൾ എന്ന കഥ അതേ പേരിൽ ചലച്ചിത്രമായിട്ടുണ്ട്.
കേരള സാഹിത്യ അക്കാഡമി പുരസ്‌കാരം,അബുദാബി ശക്തി അവാർഡ്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈക്കം മുഹമ്മദ് ബഷീർ പുരസ്‌കാരം തുടങ്ങിയ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. പുതുശ്ശേരി സർക്കാർ മലയാളരത്നം ബഹുമതി നല്കി ആദരിച്ചു.