തൊഴിലുറപ്പിൽ പുതിയ ഉറപ്പ് ; ഗാന്ധിജിയുടെ പേര്  ഒഴിവാക്കി ബിൽ ലോക്സഭയിൽ, 60% വേതനം കേന്ദ്രം, 40% സംസ്ഥാനം 

Tuesday 16 December 2025 12:07 AM IST

 തൊഴിൽ ദിനങ്ങൾ 125

ന്യൂഡൽഹി: രണ്ടു ദശകങ്ങളായി ഗ്രാമീണ തൊഴിൽ മേഖലയിൽ നിർണായക പങ്കുവഹിച്ച മഹാത്‌‌മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ (എം.ജി.എൻ.ആർ.ഇ.ജി.എ) പേര് അടക്കം മാറ്റി ബദൽ നടപ്പാക്കാനുള്ള ബിൽ കേന്ദ്രം ലോക് സഭയിൽ ഇന്ന് അവതരിപ്പിക്കും.

മഹാത്മാഗാന്ധിയുടെ പേര് അപ്പാടെ ഒഴിവാക്കി. അതിൽ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി.

'വികസിത ഭാരത് -ഗ്യാരന്റി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ (ഗ്രാമീൺ)' അഥവാ, വിബി-ജി റാം ജി നിയമം 2025 എന്നായിരിക്കും അറിയപ്പെടുന്നത്. 2047ലെ വികസിത ഭാരതം എന്ന ലക്ഷ്യം നേടാനുള്ള പദ്ധതിയെന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്. 2005ൽ മൻമോഹൻസിംഗ് പ്രധാനമന്ത്രി ആയിരിക്കെയാണ് തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയത്.

ഇതുവരെ വേതനം പൂർണമായും കേന്ദ്രത്തിൽ നിന്നായിരുന്നു. ഇനി 40% സംസ്ഥാനം വഹിക്കണം. ഹിമാലയൻ സംസ്ഥാനങ്ങൾക്ക് 90 % കേന്ദ്രം നൽകും. നിയമസഭകളില്ലാത്ത കേന്ദ്രഭരണ പ്രദേശങ്ങൾക്ക് കേന്ദ്രം മുഴുവൻ തുകയും നൽകും. തൊഴിൽ ദിനങ്ങൾ നൂറിൽ നിന്ന് 125 ആയി വർദ്ധിപ്പിക്കും. തൊഴിൽ മേഖലകൾ കേന്ദ്രം തീരുമാനിക്കും.

ജലസുരക്ഷ, പ്രധാന ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ, ഉപജീവനവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, പ്രകൃതി ദുരന്തങ്ങളുടെ ആഘാതം ലഘൂകരിക്കൽ തുടങ്ങിയ മേഖലകളാക്കി തിരിച്ചാകും തൊഴിൽ ലഭ്യമാക്കുക.

വിഹിതവും പ്രവ‌ൃത്തിയും കേന്ദ്രം നിശ്ചയിക്കും

ഓരോ സാമ്പത്തിക വർഷവും സംസ്ഥാനം തിരിച്ചുള്ള വിഹിതം കേന്ദ്ര സർക്കാർ നിർണയിക്കും. നിലവിൽ സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരം തുക അനുവദിക്കുകയാണ്.

തൊഴിൽ ആസൂത്രണം ഗ്രാമതലത്തിൽ നിർവഹിക്കാൻ അനുമതി. അതേസമയം, പദ്ധതി ആസൂത്രണത്തിനും നിരീക്ഷണത്തിനുമായി പി.എം ഗതി-ശക്തി അടക്കമുള്ള കേന്ദ്ര പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിക്കും.

ഏകീകൃത സ്വഭാവമില്ലാത്തതിനാൽ ഫണ്ട് ദുരുപയോഗം വ്യാപകമാണ്. ജലസേചനം, ഭൂഗർഭജല ശേഖരം ശക്തിപ്പെടുത്തൽ, ഗ്രാമങ്ങളിലേക്കുള്ള കണക്റ്റിവിറ്റി കൂട്ടൽ, വെള്ളപ്പൊക്കം തടയൽ, മണ്ണ് സംരക്ഷണം, ഭവന നിർമ്മാണം, വൈദ്യുതീകരണം തുടങ്ങിയവ പ്രധാന മേഖലയായി നിശ്ചയിക്കും.

ഇല്ലാത്ത പ്രവൃത്തികളുടെ പേരിലുള്ള ഫണ്ട് ദുരുപയോഗം തടയാൻ ജോലി സ്ഥലങ്ങളുടെ ജിയോ ടാഗിംഗ് നിരീക്ഷിക്കും. തൊഴിലാളികൾക്ക് മൊബൈൽ ആപ്പ് അധിഷ്ഠിത ഹാജർ. ആധാർ അധിഷ്ഠിത പേയ്‌മെന്റ് .

തട്ടിപ്പ് തടയാൻ എ.ഐ സംവിധാനം, ജോലി വിവരം തത്സമയം അറിയാൻ ജി.പി.എസ്, മൊബൈൽ അധിഷ്ഠിത നിരീക്ഷണം, പ്രതിവാര റിപ്പോർട്ടുകൾ, ഗ്രാമപഞ്ചായത്തുകൾ തോറും രണ്ടുതവണ വാർഷിക സോഷ്യൽ ഓഡിറ്റുകൾ,

 വിതയ്‌ക്കൽ, വിളവെടുപ്പ് സീസണുകളിൽ 60 ദിവസം വരെ മറ്റ് തൊഴിലുകൾ നിർത്തിവയ്‌ക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരം. കൃഷികാര്യങ്ങൾക്ക് സേവനം വിനിയോഗിക്കണം.