ക്രിസ്മസ് വിപണിയിലെ താരത്തിളക്കം
മലപ്പുറം: ക്രിസ്മസിനെ വരവേൽക്കാൻ നക്ഷത്രത്തിളക്കവുമായി ജില്ല ഒരുങ്ങി. പുൽക്കൂട്, സാന്താക്ലോസ്, ഉണ്ണിയേശു, എൽ.ഇ.ഡി സ്റ്റാർ, ട്രീ ഡെക്കറേഷൻ, മഞ്ഞിൽപ്പുതഞ്ഞ ക്രിസ്മസ് ട്രീകൾ, മാല ബൾബുകൾ, സാന്താക്ലോസ് വസ്ത്രങ്ങൾ, തൊപ്പികൾ, അലങ്കാര ബോളുകൾ എന്നിവയെല്ലാം വിപണി കീഴടക്കിയിട്ടുണ്ട്. കൂട്ടത്തിലെ താരം എൽ.ഡി.ഇ നക്ഷത്രങ്ങളാണ്. ക്രിസ്മസ് ട്രീയുടെയും സാന്താക്ലോസിന്റെയും രൂപത്തിലുള്ള എൽ.ഇ.ഡി നക്ഷത്രങ്ങൾ വരെ വിപണിയിലുണ്ട്. ഗ്ലാസ് പോലെ തോന്നിക്കുന്ന സെറാമിക്ക് എ.ഇ.ഡി ബൾബുകളുമുണ്ട്. 100 രൂപ മുതൽ 2,000 രൂപ വരെയുള്ള എൽ.ഡി.ഇ നക്ഷത്രങ്ങളാണ് ജില്ലയിലുള്ളത്. പേപ്പർ സ്റ്റാറുകളുടെ വില 10 രൂപ മുതൽ 220 വരെയാണെങ്കിലും ഒന്നിലേറെ തവണ ഉപയോഗിക്കാൻ സാധിക്കുന്ന എൽ.ഇ.ഡി സ്റ്റാറുകളുടെ കടന്നുവരവോടെ ആവശ്യക്കാർ കുറഞ്ഞിട്ടുണ്ട്. കൂടാതെ, എൽ.ഇ.ഡി മാല ബൾബുകളും സജീവമാണ്. മാല ബൾബുകൾ 125 രൂപ മുതൽ ലഭ്യമാണ്.
ക്രിസ്മസ് ട്രീക്കും പുൽക്കൂടൊരുക്കാനുള്ള രൂപങ്ങൾ അടങ്ങുന്ന സെറ്റുകൾക്കും ആവശ്യക്കാരേറെയാണ്. മുള ഉപയോഗിച്ച് തയ്യാറാക്കുന്ന 150 രൂപയുടേത് മുതൽ ഫോം ഷീറ്റ് ഉപയോഗിച്ച് തയ്യാറാക്കുന്ന 2,000 രൂപ വരെയുള്ള റെഡിമെയ്ഡ് പുൽക്കൂടുകളുമുണ്ട്. 10 മുതൽ 30 രൂപ വരെയുള്ള ക്രിസ്മസ് തൊപ്പികളും ലഭ്യമാണ്. ക്രിസ്മസ് ട്രീയിൽ അലങ്കരിക്കാനുള്ള ആറ് ബോളുകൾ അടങ്ങിയ പാക്കറ്റിന് 40 രൂപയാണ് വില.
താരം പ്ലം കേക്ക്
എത്രയൊക്കെ കേക്കുകൾ ലഭ്യമാണെങ്കിലും ക്രിസ്മസ് അടുത്താൽ നായകൻ പ്ലം കേക്കാണ്. നോർമൽ പ്ലം കേക്കുകൾക്ക് പുറമെ ഷുഗർ ഫ്രീ എഗ്‌ലെസ് പ്ലം കേക്ക്, റിച്ച് പ്ലം കേക്ക്, ജ്യൂസി പ്ലം കേക്ക് തുടങ്ങിയവയെല്ലാം ലഭ്യമാണ്. മുട്ടയും പഞ്ചസാരയും ചേർക്കാതെ ശർക്കര ഉപയോഗിച്ചുള്ള പ്ലം കേക്കുകളും ലഭ്യമാണ്. ബേക്കറി ഉടമകളും ഹോം ബേക്കർമാരും പ്ലം കേക്കിനുള്ള ഓർഡറുകൾ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. ഡയറ്റ് സ്‌പെഷ്യൽ കേക്കുകളും ഇത്തവണ വിപണിയിലുണ്ട്. വീട്ടമ്മാർ ഉണ്ടാക്കുന്ന കേക്കുകളുടെ വിപണിയും പലയിടത്തും ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.
ചില കേക്ക് കടകളിൽ ചോക്ലേറ്റും കേക്കുകളും അടങ്ങുന്ന ഗിഫ്റ്റ് പാക്കുകൾ അളവിനനസരിച്ച് പല വിലകളിൽ ലഭ്യമാണ്. സ്‌കൂളിലെയും കോളേജിലേയും ക്രിസ്മസ് ആഘോഷങ്ങൾക്ക് സ്‌പെഷ്യൽ ഡിസ്‌ക്കൗണ്ടും ചിലർ നൽകുന്നുണ്ട്.