തദ്ദേശ സ്ഥാപനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ 260 കോടി ഗ്രാന്റ്
ന്യൂഡൽഹി: 2025-26 സാമ്പത്തിക വർഷ ഗ്രാന്റിന്റെ ആദ്യ ഗഡുവായി കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് കേന്ദ്ര സർക്കാർ 260.20 കോടി രൂപ അനുവദിച്ചു. പതിനഞ്ചാം ധനകാര്യ കമ്മിഷൻ ശുപാർശ പ്രകാരമുള്ള അൺടൈഡ് ഗ്രാന്റുകളുടെ ആദ്യ ഗഡുവാണ്. തുക 14 ജില്ലാ പഞ്ചായത്തുകൾക്കും 152 ബ്ലോക്ക് പഞ്ചായത്തുകൾക്കും 941 ഗ്രാമ പഞ്ചായത്തുകൾക്കും വേണ്ടിയാണ്.
പഞ്ചായത്തിരാജ് മന്ത്രാലയവും കേന്ദ്ര ജലശക്തി മന്ത്രാലയവും (കുടിവെള്ള - ശുചീകരണ വകുപ്പ്) ചേർന്നാണ് ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങൾക്കും പഞ്ചായത്തിരാജ് സ്ഥാപനങ്ങൾക്കും ധനസഹായം ശുപാർശ ചെയ്യുന്നത്. തുടർന്ന് ധനമന്ത്രാലയം സാമ്പത്തിക വർഷത്തിൽ രണ്ട് ഗഡുക്കളായി അനുവദിക്കും.
ഭരണഘടനയുടെ പതിനൊന്നാം പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന 29 വിഷയങ്ങൾക്ക് കീഴിൽ പ്രാദേശിക ആവശ്യങ്ങൾക്കായി വിനിയോഗിക്കാം. എന്നാൽ ശമ്പളം, സ്ഥാപന ചെലവുകൾ എന്നിവയ്ക്ക് ഉപയോഗിക്കാൻ പാടില്ല.