ഹരിത ചട്ടങ്ങൾ പൂർണമായും പാലിച്ച് ജില്ലയിലെ തദ്ദേശ തിരഞ്ഞെടുപ്പ്

Tuesday 16 December 2025 12:15 AM IST
തദ്ദേശ തിരഞ്ഞെടുപ്പിൽ ഹരിത ബൂത്തുകൾ ഒരുക്കിയ ഹരിത കർമ സേനാംഗങ്ങൾ

മലപ്പുറം: ഇത്തവണ ജില്ലയിൽ തദ്ദേശ പൊതുതിരഞ്ഞെടുപ്പ് നടന്നത് ഹരിത ചട്ടങ്ങൾ പൂർണമായും പാലിച്ചുകൊണ്ട്. മുൻ വർഷങ്ങളിൽ തിരഞ്ഞെടുപ്പുകൾ കഴിയുമ്പോൾ മാലിന്യക്കൂമ്പാരങ്ങൾ റോഡരികുകളിലും പൊതുസ്ഥലങ്ങളിലും കുന്നുകൂടിക്കിടക്കുന്നത് പതിവായിരുന്നെങ്കിൽ ഇത്തവണ അത്തരം സംഭവങ്ങൾ ഉണ്ടായില്ല. ഇത്തവണ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാ ഉത്തരവുകളിലും ഹരിത തിരഞ്ഞെടുപ്പ് സംബന്ധിച്ച കർശനമായ നിർദ്ദേശം നൽകിയിരുന്നു. പരിശീലന കേന്ദ്രങ്ങൾ മുതൽ ഇലക്ഷൻ മെറ്റീരിയൽസ് വിതരണ കേന്ദ്രങ്ങൾ , പോളിംഗ് ബൂത്ത്, യോഗ സ്ഥലങ്ങൾ, വിവിധ ഓഫീസുകൾ തുടങ്ങിയ ഇടങ്ങളിലെല്ലാം ഹരിത പ്രോട്ടോകോൾ പാലിച്ചു. എല്ലാ പോളിംഗ് ബൂത്തുകളിലും ഹരിത ചട്ടങ്ങൾ പൂർണ്ണമായും പാലിക്കുന്നതിനായി ഹരിത കർമ സേനാംഗങ്ങളെ നിയോഗിച്ചിരുന്നു. പോളിംഗ് ബൂത്തുകളിലെ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായി മിക്കയിടത്തും പ്രത്യേകം ബോക്സുകൾ സ്ഥാപിച്ചിരുന്നു.

സംസ്ഥാനത്ത് കഴിഞ്ഞ രണ്ടര വർഷമായി നടന്നുകൊണ്ടിരിക്കുന്ന മാലിന്യ മുക്തം നവകേരളം എന്ന ശുചിത്വ മാലിന്യ സംസ്‌കരണ ക്യാംപയിൻ പരിപാടിയുടെ ഫലമായി ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്ത് ജില്ല വലിയ മുന്നേറ്റം കൈവരിച്ചിരുന്നു. അജൈവമാലിന്യ സംസ്‌കരണ രംഗത്ത് മികച്ച നേട്ടങ്ങൾ മിക്ക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൈവരിച്ചിട്ടുണ്ട്.