കനാലി​ൽ കുളവാഴകൾ, വഴി​യടഞ്ഞ് മത്സ്യബന്ധനം

Tuesday 16 December 2025 12:29 AM IST
കുളവാഴകൾ മൂടിക്കിടക്കുന്ന പശ്ചിമതീര കനാൽ,

കരുനാഗപ്പള്ളി: ദേശീയ ജലപാതയായ പശ്ചിമതീര കനാലിൽ കുളവാഴകൾ വില്ലനായതോടെ മത്സ്യത്തൊഴിലാളികൾ ആകെ ദുരിതത്തിൽ. നാല് മാസമായി ഇവിടെ മത്സ്യബന്ധനം മുടങ്ങിയ അവസ്ഥയിലാണ്.

കായലിനെ ആശ്രയിച്ച് ജീവിതം കരുപ്പിടിപ്പിക്കുന്നവർ ഇവിടെ നിരവധിയാണ്. നീട്ടുവല, കോരു വല, ചീനവല എന്നിവ ഉപയോഗിച്ചാണ് മീൻ പിടിത്തം. കായലിൽ മുങ്ങിത്തപ്പി മീൻ പിടിക്കുന്നവരും ഏറെയുണ്ട്. മുകൾ ഭാഗം പൂർണമായും കുളവാഴകൾ മൂടിക്കിടക്കുന്നതിനാൽ വലകൾ നീട്ടാൻ കഴിയുന്നില്ല. രാത്രികാലങ്ങളിൽ ചെറുവള്ളങ്ങളിൽ പോയാണ് മത്സ്യബന്ധനം. കൊഞ്ച്, കരിമീൻ, പള്ളത്തി, പ്രാച്ചി, ചെറുമീനുകൾ എന്നിവയെല്ലാം കായലിൽ സുലഭമാണ്. പുലർച്ചയോടെ പണി നിറുത്തുന്ന മത്സ്യത്തൊഴിലാളികൾ മീനുകൾ കായലിൽ വച്ച് തന്നെ ലേലം ചെയ്ത ശേഷമാണ് മടങ്ങുന്നത്.

ചീനവല കായലിൽ താഴ്ത്താൻ കഴിയത്ത അവസ്ഥയായി​. താഴ്ത്തിയാൽ വലയിൽ പൂർണമായും പായൽ അടിയും. പിന്നീട് വല ഉയർത്താനാവി​ല്ല. കായലിൽ നിന്നു കക്ക വാരി ഉപജീവനം നടത്തുന്നവരുടെ കാര്യവും കഷ്ടത്തിലാണ്. കുളവാഴയുടെ വേരുകൾ കായലിന്റെ അടിത്തട്ടിൽ വരെ വ്യാപിച്ചിക്കുന്നതിനാൽ ഇവർക്ക് കായലിന്റെ അടിത്തട്ടിലേക്ക് മുങ്ങാനാവി​ല്ല. നൂറ് കണക്കിന് കക്കാവാരൽ തൊഴിലാളികളാണ് ഇവിടങ്ങളി​​ലുള്ളത്. കാലവർഷം കഴിയുമ്പോഴാണ് കുളവാഴകൾ കായലുകളിൽ നി​റയുന്നത്. മലവെള്ളത്തോടൊപ്പം എത്തുന്ന കുളവാഴയും പായലമാണ് കായലിന്റെ മുകൾ പരപ്പിൽ അടിയുന്നത്.

കാത്തി​രി​ക്കണം ഡി​സംബർ അവസാനം വരെ

കടലിൽ നിന്ന് വേലിയേറ്റം ഉണ്ടാകുപ്പോൾ കുളവാഴകൾ കൂനപോലെയാകും. വേലിയിറക്ക സമയത്ത് കുറെയൊക്കെ കടലിലേക്ക് ഒഴുകും. കായൽ വെള്ളത്തിൽ കടലിൽ നിന്നുള്ള ഉപ്പ് വെള്ളം കലരുന്നതോടെ കുളവാഴകൾ നശിച്ച് തുടങ്ങും. ഡിസംബർ അവസാനത്തോടെ കായൽ ഉപ്പ് വെള്ളത്തിന്റെ പിടിയിൽ അമരുന്നതോടെ കുളവാഴകൾ പൂർണമായും നശിക്കും. ഇതിന് ശേഷം മാത്രമേ മത്സ്യത്തൊഴിലാളികൾക്ക് കായലി​ൽ ഇറങ്ങാനാവൂ എന്നതാണ് നി​ലവി​ലെ അവസ്ഥ.