മുതലമടയിൽ കൊയ്ത്ത് മെഷീനും കെട്ടിടവും പണിമുടക്കിയിട്ട് വർഷങ്ങൾ
മുതലമട: ഗ്രാമപഞ്ചായത്തിലെ ഏക കൊയ്ത്ത് മീഷിനും ട്രാക്ടറും കെട്ടിടവും പണിമുടക്കിലായിട്ട് വർഷം ഏഴ് കഴിഞ്ഞു. മെഷിൻ സൂക്ഷിയ്ക്കാനായി ഗ്രാമപഞ്ചായത്തിന്റ പുറക് വശത്ത് നിർമ്മിച്ച കെട്ടിടവും അനുബന്ധ സാധനസാമഗ്രികളും പൂർണ്ണമായും നശിച്ചു. കൃത്യമായ കാലയളവിൽ മെഷീനും സാമഗ്രികളും കെട്ടിടവും പരിചരണം നടത്താത്തതാണ് നാശത്തിന് കാരണം. നിലവിലെ കെട്ടിടത്തിൽ യാതൊരുവിധ പുനരുദ്ധാരണ പ്രവർത്തിയും നടത്തിയിട്ടില്ല.
ഗ്രാമപഞ്ചായത്തിലെ നെൽക്കർഷകർക്ക് ഏറെ പ്രയോജനമാകുന്ന മെഷീൻ വാങ്ങാനുള്ള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കൊയ്ത്ത് യന്ത്രവും അനുബന്ധസാമഗ്രികളും വാങ്ങിയത്. യന്ത്രം സൂക്ഷിക്കാൻ പഞ്ചായത്തിന് പുറത്ത് പുതിയ കെട്ടിടവും പണിതു. എന്നാൽ ആദ്യഘട്ടത്തിൽ തന്നെ കൊയ്ത്തുയന്ത്രം വേണ്ടരീതിയിൽ പരിചരണം നടത്താത്തതിനാലും കർഷകർക്ക് പ്രയോജനമാകാതെ യന്ത്രം കേടാവുകയും ഷെഡ്ഡിൽ സൂക്ഷിക്കുകയും ആണ് ഉണ്ടായത്.
തമിഴ്നാട്ടിൽനിന്ന് ഉള്ള കൊയ്ത്ത് യന്ത്രങ്ങളുടെ വരവോടെ കർഷകർ ഗ്രാമപഞ്ചായത്തിലെ കൊയ്ത്ത് മെഷീനെ ആശ്രയിക്കാത്തതിനാൽ ആണ് മെഷീൻ ഉപയോഗശൂന്യമാകാൻ കാരണം എന്നാണ് പറയപ്പെടുന്നത്. കേടായ മെഷീൻ ഷെഡ്ഡിൽ കയറ്റി. അതിനു ശേഷം നാളിതുവരെയായി മാറി വന്ന ഭരണ സമിതികൾ ഇതിന്റെ പുന പ്രവർത്തനത്തിനായി യാതൊരു പദ്ധതിയും ആവിഷ്‌കരിയ്ച്ചിട്ടില്ല. പുതിയ ഭരണസമിതി ചുമതലയേൽക്കുമ്പോൾ കൊയ്ത്ത്യന്ത്രത്തിനും കെട്ടിടത്തിനും പുതു ജീവനുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
ഫോട്ടോ: മുതലമട ഗ്രാമ പഞ്ചായത്തിന്റെ കേടായ കൊയ്ത്ത് യന്ത്രവും തകർച്ചയിലെത്തിയ കെട്ടിടവും .