എൻ.എച്ച് 66: നിർമ്മാണത്തിലെ ഗുണമേന്മ ഉറപ്പാക്കും

Tuesday 16 December 2025 1:49 AM IST

തിരുവനന്തപുരം: ദേശീയപാത 66ന്റെ ശേഷിക്കുന്ന നിർമ്മാണത്തിൽ ഗുണമേന്മ ഉറപ്പു വരുത്തുന്നതിൽ വിട്ടുവീഴ്ച പാടില്ലെന്ന് ദേശീയപാത അതോറിട്ടി കരാറുകാരെ അറിയിച്ചു. നിർമ്മാണത്തിലെ പാളിച്ച മൂലം റോഡ് തകരുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണിത്. ഏറ്റവും ഒടുവിൽ കൊല്ലം മൈലക്കാട് നിർമ്മാണം പുരോഗമിക്കുകയായിരുന്ന ദേശീയ പാത തകർന്നിരുന്നു.

നിർമ്മാണം പൂർത്തിയാക്കാൻ ചില റീച്ചുകളിലെ കരാറുകാർ കൂടുതൽ സമയം ചോദിച്ചതായാണ് വിവരം. അതനുവദിച്ചേക്കും. അടുത്ത വർഷം പകുതിയോടെ മാത്രമെ ദേശീയപാത പൂർണമായും ഗതാഗതത്തിനു തുറന്നു കൊടുക്കാനാകൂ.മൈലക്കാട് ദേശീയ പാത തകർന്നത് മണ്ണിന്റെ ബലക്കുറവ് മൂലമെന്ന് കണ്ടെത്തിയതിനെ തുടർന്ന് സംസ്ഥാനത്തെ മുഴുവൻ റീച്ചുകളിലും സുരക്ഷാ ഓഡിറ്റും മണ്ണ് പരിശോധനയും നടത്താൻ ദേശീയപാത അതോറിട്ടി തീരുമാനിച്ചിരുന്നു

378 നിർമ്മാണ സ്ഥലങ്ങളിൽ മണ്ണ് പരിശോധന നടത്തും. 100 സ്ഥലങ്ങളിൽ ഒരു മാസത്തിനുള്ളിലും ബാക്കി സ്ഥലങ്ങളിൽ മൂന്ന് മാസത്തിനുള്ളിലും പൂർത്തിയാക്കും.

അതിനു ശേഷമാകും നിർമ്മാണം .ആവശ്യമുള്ള സ്ഥലങ്ങളിൽ വയഡക്ട് മേൽപ്പാതകളും നിർമ്മിക്കും. മദ്ധ്യ കേരളത്തിലും വടക്കൻ ജില്ലകളിലും ആഗസ്റ്റ് അവസാനം വരെ കനത്ത മഴ തുടർന്നതാണ് നിർമ്മാണം മന്ദഗതിയിലാക്കിയത്. നിർമ്മാണ സാമഗ്രികളുടെ ലഭ്യതക്കുറവും കൂടുതൽ തൊഴിലാളികളെ എത്തിക്കാത്തതും തെക്കൻ ജില്ലകളിലെ നിർമ്മാണത്തെയും ബാധിച്ചിരുന്നു.