വിനോദസഞ്ചാരിയെ കൊള്ളയടിച്ച രണ്ടംഗസംഘം പിടിയിൽ
കൊച്ചി: വിനോദസഞ്ചാരിയെ കൊള്ളയടിച്ച രണ്ടംഗസംഘം പൊലീസ് പിടിയിൽ. ഡ്രൈഡേയായ വോട്ടെണ്ണൽ ദിനത്തിൽ മദ്യംസംഘടിപ്പിച്ച് ഒന്നിച്ചിരുന്ന് മദ്യപിച്ചും സൗഹൃദം സ്ഥാപിശേഷമാണ് സംഭവം. മുളന്തുരുത്തി സ്വദേശി ആദർശ്, പള്ളുരുത്തി സ്വദേശി ആകാശ് അപ്പു എന്നിവരാണ് പിടിയിലായത്. യു.എസ് പൗരത്വമുള്ള ഒഡീഷ സ്വദേശി പരേഷ് പുഹാന്റെ ഒരുലക്ഷം രൂപയും ഡോളറും സ്വർണമോതിരവും നഷ്ടമായി.
ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ഏതാനും ദിവസം മുമ്പാണ് പരേഷ് പുഹാൻ കൊച്ചിയിലെത്തിയത്. മറൈൻഡ്രൈവിലെ ഒരു ഹോട്ടലിലായിരുന്നു താമസം. 3ന് മദ്യം സംഘടിപ്പിക്കാനുള്ള അന്വേഷണത്തിലാണ് ആദർശിനെ പരിചയപ്പെട്ടത്. ഒന്നിച്ചിരുന്ന് മദ്യം കഴിക്കാമെന്ന ആവശ്യവും ആദർശ് മുന്നോട്ടുവച്ചു. ഇത് അംഗീകരിതോടെ വൈകിട്ട് ആദർശ് മദ്യവുമായി റൂമിലെത്തി. അമിതമായി മദ്യപിച്ച പരേഷ് പുഹാൻ ഉറങ്ങിപ്പോയി. ഈ തക്കത്തിൽ ആദർശ് കൂട്ടാളിയെ വിളിച്ചുവരുത്തി മോഷ്ടിക്കുകയായിരുന്നു. മർദ്ദിച്ച് അവശനാക്കിയാണ് ഡോളറും സ്വർണാഭരണവും പണവുമെല്ലാം കൈക്കലാക്കിയത്. സി.സി ടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആദർശിനെ ഇന്നലെ തൃപ്പൂണിത്തുറ പേട്ടയിൽനിന്നും ആകാശിനെ കുമ്പളങ്ങിയിൽ നിന്നുമാണ് പിടികൂടിയത്. ലോഡ്ജിൽ നിന്ന് പിടികൂടാനുള്ള ശ്രമത്തിനിടെ ആദർശ് ഒന്നാംനിലയിൽനിന്ന് ചാടി ഓടിയെങ്കിലും പൊലീസ് പിന്തുടർന്ന് കീഴ്‌പ്പെടുത്തി. പ്രതികളെ പിടികൂടുന്നതിനിടെ എറണാകുളം സെൻട്രൽ സ്റ്റേഷനിലെ എസ്.ഐ സർജുവിന്റെ കാലിന് പരിക്കേറ്റു.