കൊല്ലം റെയിൽവേ സ്റ്റേഷൻ... എയർപോർട്ട് മോഡൽ നവീകരണം 45 %

Tuesday 16 December 2025 1:25 AM IST

കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷന്റെ എയർപോർട്ട് മാതൃകയിലുള്ള നവീകരണം 45 ശതമാനം പൂർത്തിയായി. അടുത്തവർഷം ഡിസംബർ വരെയാണ് കരാർ കാലാവധിയെങ്കിലും പൂർത്തിയാകാൻ വീണ്ടും മൂന്ന് മാസം കൂടി വേണ്ടിവന്നേക്കും.

നിർമ്മാണ പദ്ധതിയിലെ സർവീസ് ബിൽഡിംഗ്, ഗാംഗ് റെസ്റ്റ് റൂം, സീനിയർ സെക്ഷൻ എൻജിനിയർ ഓഫീസ് കെട്ടിടങ്ങൾ പൂർത്തിയാക്കി കൈമാറി.

മൾട്ടി ലെവൽ കാർ പാർക്കിംഗ് ടവർ, പാഴ്സൽ ഓഫീസ് ബിൽഡിംഗ് എന്നിവ ഈമാസം അവസാനത്തോടെ കൈമാറും. സബ് സ്റ്റേഷൻ കെട്ടിടത്തിന്റെ നിർമ്മാണവും പൂർത്തിയായിട്ടുണ്ട്. രണ്ടാം പ്രവേശന കവാടത്തിലെ കെട്ടിടത്തിന്റെ നിർമ്മാണം 30 ശതമാനമായി. നവീകരണ പദ്ധതിയിലെ പ്രധാന ആകർഷകണമായ രണ്ട് പ്രവേശന കവാടങ്ങളെയും ബന്ധിപ്പിക്കുന്ന എയർ കോൺകോഴ്സിന്റെ അടിസ്ഥാനം പൂർത്തിയായി. എല്ലാ പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിക്കുന്ന ഫുട് ഓവർ ബ്രിഡ്ജിന്റെ അടിസ്ഥാനം പൂർത്തിയായി. അടുത്തമാസം പകുതിയോടെ ഇവ സ്ഥാപിച്ച് തുടങ്ങും.

മൂന്ന് ഭാഗങ്ങളായാണ് ഒന്നാം പ്രവേശനകവാടത്തിലെ കെട്ടിടങ്ങളുടെ നിർമ്മാണം. ഇതിൽ ഒന്നാംഭാഗത്തിന്റെ നിർമ്മാണം പൂർത്തിയായി. രണ്ടാം ഭാഗത്തിന്റെ അടിസ്ഥാനം പൂർത്തിയായി. നിലവിലെ പാഴ്സൽ ഓഫീസ് കെട്ടിടം, ആർ.എം.എസ് കെട്ടിടം എന്നിവ പൊളിച്ചുനീക്കുന്നതോടെ മൂന്നാം ഭാഗത്തിന്റെ നിർമ്മാണം ആരംഭിക്കും.

അടിപ്പാതയ്ക്ക് പഠനം തുടങ്ങി

കൊല്ലം ഈസ്റ്റ് റെയിൽവേ സ്റ്റേഷന് സമീപത്തെ സർഫസ് പാർക്കിംഗ് കേന്ദ്രത്തെയും മൾട്ടിലെവൽ പാർക്കിംഗ് കേന്ദ്രത്തെയും ബന്ധിപ്പിച്ച് മേവറം- കാവനാട് പാതയിൽ അടിപ്പാത നിർമ്മിക്കാനുള്ള പഠനം തുടങ്ങി. പൊതുമരാമത്ത് ദേശീയപാത വിഭാഗത്തിന്റെ അനുമതി കൂടി ലഭിച്ചാലേ അടിപ്പാത നിർമ്മിക്കാനാകൂ. സർഫസ് പാർക്കിംഗ് കേന്ദ്രത്തിലെത്തുന്ന യാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാതെ റെയിൽവേ സ്റ്റേഷനിലെത്താനാണ് അടിപ്പാത നിർമ്മിക്കുന്നത്.

നിർമ്മാണോദ്ഘാടനം-2022 ആഗസ്റ്റിൽ

കരാർ തുക ₹ 361.17 കോടി കരാർ കാലാവധി-2026 ഡിസംബർ വരെ പൂർത്തിയാകുന്നത്-2026 മാർച്ചിൽ