ഒന്നിനോടും സന്ധി ചെയ്യാത്തതാണ് നല്ല സർഗാത്മകത: കെ.ജി.ശങ്കരപ്പിള്ള
കൊല്ലം: ഒന്നിനോടും സന്ധി ചെയ്യാത്തതാണ് നല്ല സർഗാത്മകതയെന്ന് കവിയും ഇത്തവണത്തെ എഴുത്തച്ഛൻ പുരസ്കാര ജേതാവുമായ കെ.ജി.ശങ്കരപ്പിള്ള പറഞ്ഞു. നീരാവിൽ നവോദയം ഗ്രന്ഥശാല സംഘടിപ്പിച്ച കെ.പി.അപ്പന്റെ 17-ാം ചരമ വാർഷിക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അധികാരത്തോട് സന്ധി ചെയ്യരുത്. ഒരു അധികാരത്തിന്റെയും പിന്നാലെ പോകരുത്. അധികാര സ്നേഹിയായ മനുഷ്യൻ മനുഷ്യരാശിയുടെ ശത്രുവാണ്. അധികാര സ്നേഹിയായ മനുഷ്യൻ അഹിംസയെ ഹിംസയാക്കുന്നു. സ്വാതന്ത്ര്യത്തെ തടവറയാക്കുന്നു. എല്ലാ അധികാരത്തെയും സൂക്ഷിക്കണം. അധികാരത്തിന് വഴങ്ങാത്ത കേന്ദ്രമാണ് ഗ്രന്ഥശാലകൾ. അധികാരത്തിന് പിന്നാലെ പോകാതിരുന്ന എഴുത്തുകാരനായിരുന്നു കെ.പി.അപ്പൻ. കെ.പി.അപ്പന്റെ എഴുത്തിന്റെ കാതൽ സ്വാതന്ത്ര്യമാണ്. അത് സർഗാത്മകതയുടെയും ധീരതയുടെയും സ്വാതന്ത്ര്യമാണ്. അദ്ദേഹത്തിന് രാഷ്ട്രീയ പക്ഷങ്ങളില്ലായിരുന്നു. ഒരു സാഹിത്യപ്രസ്ഥാനത്തിന്റെയും ഭാഗമായില്ല. പുതിയ മാനവികതയെക്കുറിച്ചുള്ള അന്വേഷണമായിരുന്നു കെ.പി.അപ്പന്റെ എഴുത്തെന്നും കെ.ജി.ശങ്കരപ്പിള്ള പറഞ്ഞു.
ഗ്രന്ഥശാലാ പ്രസിഡന്റ് കെ.എസ്.ബൈജു അദ്ധ്യക്ഷനായി. കെ.പി.അപ്പന്റെ മക്കളായ രവിൻ, ശ്രീജിത്ത് എന്നിവർ ചേർന്ന് ഗ്രന്ഥശാലയുടെ സ്നേഹോപഹാരം കെ.ജി.ശങ്കരപ്പിള്ളയ്ക്ക് സമ്മാനിച്ചു. ഡൽഹി ആസ്ഥാനമായുള്ള ഡോ. മംഗളം സ്വാമിനാഥൻ ഫൗണ്ടേഷന്റെ ദേശീയ മാദ്ധ്യമ അവാർഡിന് അർഹനായ കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്.രാജേഷിന് ഗ്രന്ഥശാലയുടെ സ്നേഹോപഹാരം കെ.ജി.ശങ്കരപ്പിള്ള സമ്മാനിച്ചു.
ചവറ കെ.എസ്.പിള്ള, ഡോ. പ്രസന്നരാജൻ, പ്രൊഫ. കെ.ജയരാജൻ, വി.എസ്.രാജേഷ്, പ്രൊഫ. സി.ശശിധരക്കുറുപ്പ്, കെ.ഭാസ്കരൻ, നന്ദകുമാർ കടപ്പാൽ, ഡോ. എ.ഷീലാകുമാരി, ഡോ.എസ്.എസ്.ഫിലോമിന തുടങ്ങിയവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി എസ്.നാസർ സ്വാഗതവും കലാസമിതി പ്രസിഡന്റ് കെ.എസ്.അജിത്ത്കുമാർ നന്ദിയും പറഞ്ഞു. ഗ്രാമദീപം തെളിക്കൽ, സ്മൃതി സംഗമം, അപ്പൻ കൃതികളുടെ പ്രദർശനം എന്നിവയും നടന്നു.