കേക്ക് വിപണിയിൽ ക്രിസ്മസ് മധുരം
കൊല്ലം: ക്രിസ്മസ് അടുത്തതോടെ നക്ഷത്രങ്ങൾക്കും പുൽക്കൂടിനുമൊപ്പം കേക്കിനും ആവശ്യക്കാരേറി. ബേക്കറി ഉടമകളും ഹോം ബേക്കർമാരും പ്ലം കേക്കിനുള്ള ഓർഡറുകൾ സ്വീകരിച്ചുതുടങ്ങി. നവംബർ ആരംഭത്തിലേ കേക്ക് വിപണി സജീവമായിരുന്നു.
രുചി വൈവിദ്ധ്യമാണ് ഇത്തവണയും ക്രിസ്മസ് വിപണിയെ കീഴടക്കുന്നത്. എന്നിരുന്നാലും മുന്തിരിയും കശുഅണ്ടി പരിപ്പും 'ചിരിച്ചു' നിൽക്കുന്ന പ്ലം കേക്കുകളാണ് വിപണിയിലെ താരം. പ്ലം കേക്കിൽ തന്നെ നോർമൽ, റിച്ച്, എഗ് ലെസ് കേക്കുകളും ലഭ്യമാണ്. തൊട്ടുപിന്നിലുണ്ട് വാനില ബട്ടർ കേക്കും വാനില ഫ്രഷ് ക്രീം കേക്കും. കൂടാതെ വാൻചോ, കാരറ്റ്, പൈനാപ്പിൾ, പിസ്ത, സ്‌ട്രോബറി, ബട്ടർസ്‌കോച്ച്, ഓറഞ്ച്, ബ്ലാക്ക് -വൈറ്റ് ഫോറസ്റ്റ്, റെഡ് വെൽവെറ്റ് തുടങ്ങിയ രുചികളിലുള്ള കേക്കുകളും ലഭ്യമാണ്. മിക്സഡ് ഫ്ളേവറിനും ആവശ്യക്കാരേറെയാണ്. ഡയറ്റ് ചെയ്യുന്നവർക്കായി ഷുഗർ ഫ്രീ കേക്കുകളും ലഭ്യമാണ്.
ഗിഫ്ട് ബാസ്കറ്റുകൾ പറഞ്ഞ് ഓർഡർ ചെയ്യുന്നവരുടെ എണ്ണത്തിലും വർദ്ധനയുണ്ട്. വിദേശ ചോക്ളേറ്റുകൾ കൊണ്ട് നിറച്ച ബാസ്കറ്റിന് മുകളിൽ വൈനും റിച്ച് പ്ളം കേക്കും നിറച്ച ഗിഫ്ട് പായ്ക്കുകൾക്കും ആവശ്യക്കാരേറെയാണ്. ചാേക്ളേറ്റുകളുടെ എണ്ണവും ബ്രാൻഡുമനുസരിച്ച് വിലയിലും വ്യത്യാസം വരും.
ഓൺലൈൻ വിപണി സജീവം വ്യത്യസ്ത കേക്കുകളുമായി ശ്രദ്ധ ആകർഷിച്ച് നിർമ്മാതാക്കൾ
വൈനും പ്ലംകേക്കും അടങ്ങുന്ന കോംബോ ഓഫർ
സ്കൂൾ, കോളേജ് ക്രിസ്മസ് ആഘോഷങ്ങൾക്ക് സ്പെഷ്യൽ ഡിസ്കൗണ്ട്
ബ്രാന്റഡ് കമ്പനികൾ പരസ്യം നൽകി രംഗത്ത്
ഹോം മെയ്ഡ് കേക്ക് നിർമ്മാതാക്കൾ വർദ്ധിച്ചു
പ്രചാരണ മാർഗം സോഷ്യൽ മീഡിയ
ആവശ്യക്കാരുള്ളത് തീംബേസ്ഡ് കേക്കുകൾക്ക്
വൈൻ വില്പനയും സജീവം
വില (കിലോയ്ക്ക്)
നോർമൽ പ്ലംകേക്ക് ₹ 410 മുതൽ
റിച്ച് പ്ലംകേക്ക് ₹ 575
എഗ്‌ലെസ് പ്ലം കേക്ക് ₹ 660
പ്രീമിയം പ്ലംകേക്ക് ₹ 510
വാൻചോ ₹ 850
ക്യാരറ്റ് ₹ 410
പ്ലം കേക്കിനൊപ്പം മറ്റ് ഫ്ലേവറുകൾക്കും ആവശ്യക്കാരെത്തുന്നുണ്ട്. പ്രീബുക്കിംഗാണ് കൂടുതൽ. ക്രിസ്മസ് അടുക്കുന്നതോടെ വിപണി കൂടുതൽ സജീവമാകും.
ആരതി, അർസു കേക്ക് വേൾഡ്