സൈബർ തട്ടിപ്പ്: ബാങ്ക് അക്കൗണ്ട് സജീവമാക്കാൻ വ്യാജ വക്കാലത്ത്
കൊച്ചി: സൈബർ തട്ടിപ്പിനെ തുടർന്ന് മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകൾ വീണ്ടും സജീവമാക്കി പണം കൊള്ളയടിക്കാൻ നിയമവഴികൾ തേടുന്ന ക്രൈം സിൻഡിക്കേറ്റ് രാജ്യത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് സംശയിച്ച് ഹൈക്കോടതി. ഇത്തരമൊരു കേസിൽ പ്രതിയായ വ്യക്തി അറിയാതെ, അഭിഭാഷകന്റെ അറിവോടെ ആൾമാറാട്ടം നടത്തി ഹർജി ഫയൽ ചെയ്തെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ജസ്റ്റിസ് എം.എ. അബ്ദുൾ ഹക്കീമിന്റെ നിഗമനം.
സൈബർ കുറ്റകൃത്യങ്ങളിൽ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകൾ വീണ്ടും സജീവമാക്കണമെന്നാവശ്യപ്പെട്ട് യുവ അഭിഭാഷകർ മുഖേന ഹൈക്കോടതിയിൽ ധാരാളം ഹർജികൾ എത്തിയിട്ടുണ്ട്. ഇതിനുപിന്നിൽ യഥാർത്ഥ ഹർജിക്കാർ തന്നെയാണോയെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. പ്രതിയുടെ അറിവില്ലാതെ വ്യാജ ഒപ്പിട്ട് വക്കാലത്ത് സമർപ്പിച്ചെന്ന സൂചനയെ തുടർന്ന് അഡ്വ. ടി.പി. റിൻഷാദ്, ഇത് സാക്ഷ്യപ്പെടുത്തിയ അഡ്വ. ഷക്കീബ് ചുക്കൻ എന്നിവർക്കെതിരെ കോടതിഅലക്ഷ്യ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി കാരണം കാണിക്കൽ നോട്ടീസിനും നിർദ്ദേശിച്ചു. വിഷയം ജനുവരി 20ന് വീണ്ടും പരിഗണിക്കും.
സൈബർ തട്ടിപ്പു കേസിൽ ജയിലിൽ കഴിയുന്ന എറണാകുളം പോത്താനിക്കാട് സ്വദേശി ആദിൽ മീരാന്റെ പേരിലാണ് ബാങ്ക് അക്കൗണ്ട് വീണ്ടും സജീവമാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയിൽ ഹർജി എത്തിയത്. എന്നാൽ, റിമാൻഡിൽ കഴിയുന്ന പ്രതി വക്കാലത്ത് നൽകിയിട്ടില്ലെന്നും ആരെയും ഇതിന് ചുമതലപ്പെടുത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി കോടതി രജിസ്ട്രാർക്ക് കത്തുകിട്ടി. തുടർന്നുള്ള പരിശോധനയിലാണ്, ആദിലിന്റെ പേരിലുള്ള വക്കാലത്തിൽ മറ്റാരോ ആണ് ഒപ്പുവച്ചതെന്നും ഇത് അഡ്വ. റിൻഷാദിന്റെ അറിവോടെയാണെന്നും കോടതിക്ക് ബോദ്ധ്യപ്പെട്ടത്.