മാക്കൂട്ടം ചുരം റോഡിൽ ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസ് കത്തിനശിച്ചു; ആളപായമില്ല
ഇരിട്ടി(കണ്ണൂർ): മാക്കൂട്ടം ചുരം റോഡിൽ ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസ് കത്തി നശിച്ചു. ഇന്ന് പുലർച്ചെ വിരാജ് പേട്ടയിൽ നിന്നും ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന ബസ് മെതിയടിപ്പാറ ഹനുമാൻ ക്ഷേത്രത്തിന് സമീപത്തെത്തിയപ്പോഴാണ് കത്തിയത്.
മട്ടന്നൂരിൽ നിന്നും കർണ്ണാടകയിലെ വിവിധ സ്ഥലങ്ങളിൽ ജോലിചെയ്യുന്നവരും വിദ്യാർത്ഥികളുമായി വീരാജ്പേട്ടയിലേക്ക് പോയതായിരുന്നു ബസ്. ഇവരെ വീരാജ്പ്പേട്ടയിൽ ഇറക്കി തിരിച്ചു വരുന്നതിനിടെയായിരുന്നു അപകടം. ഡ്രൈവർ കളറോഡ് സ്വദേശി സമീറും സഹായി മാലൂർ സ്വദേശി സുഹൈലും മാത്രമാണ് ബസിൽ ഉണ്ടായിരുന്നത്. ചുരമിറങ്ങുന്നതിനിടെ പിന്നിലെ ടയർ പൊട്ടുന്ന ശബ്ദം കേട്ട് നോക്കിയപ്പോൾ തീ ആളിപ്പടരുന്നതാണ് കണ്ടതെന്ന് ഡ്രൈവർ പറഞ്ഞു. പതിനേഴു കിലോമീറ്ററോളം വരുന്ന ബ്രഹ്മഗിരി വന്യജീവി സങ്കേതം ഉൾപ്പെടുന്ന കാനന പാതയിൽ മാക്കൂട്ടം കഴിഞ്ഞാൽ മൊബൈൽ കവറേജ് ലഭ്യമല്ലാത്തതിനാൽ അഗ്നിശമനസേനയെ വിവരമറിയിക്കാനും പ്രയാസം നേരിട്ടു. വൈദ്യുതി ഇല്ലാത്ത പ്രദേശമായതിനാൽ കൂരിരുട്ടുമായിരുന്നു. പിന്നാലെ വന്ന വാഹനങ്ങളിലുള്ളവരാണ് കിലോമീറ്ററുകൾ കഴിഞ്ഞ് മൊബൈൽ കവറേജ് ലഭിക്കുന്ന സ്ഥലത്തെത്തി അഗ്നിശമനസേനയെ വിവരമറിയിച്ചത്. ഇരിട്ടിയിൽ നിന്നും ഗോണിക്കൊപ്പയിൽ നിന്നും ഒരു മണിക്കൂറോളം കഴിഞ്ഞ് അഗ്നിശമനസേന എത്തിയപ്പോഴേക്കും ബസ് പൂർണമായും കത്തിനശിച്ചിരുന്നു.
നിർവേലി സ്വദേശി പി.കെ.ജംഷീർ ഒരു മാസം മുൻപാണ് ബസ് വാങ്ങിച്ചത്. വാടക ഉൾപ്പെടെയുള്ള പണവും കത്തി നശിച്ചു.ബസിന് തീപിടിച്ചതോടെ മാക്കൂട്ടം ചുരം പാതയിലൂടെയുള്ള ഗതാഗതം രണ്ടുമണിക്കൂറോളം തടസ്സപ്പെട്ടു.