ജഡ്ജിക്കെതിരായ വ്യക്തിഹത്യ: നടപടി തേടി ജുഡി​ഷ്യൽ ഉദ്യോഗസ്ഥരുടെ സംഘടന

Tuesday 16 December 2025 2:49 AM IST

കൊച്ചി: നടി കേസിലെ വിചാരണക്കോടതി ജഡ്ജിക്കെതിരായ സൈബർ ആക്രമണത്തിലും വ്യക്തിഹത്യയിലും ഇടപെടൽ ആവശ്യപ്പെട്ട് കേരള ജുഡിഷ്യൽ ഓഫീസേഴ്‌സ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചു. ജഡ്ജിക്കെതിരായ പ്രചാരണം നീതിന്യായ സംവിധാനത്തിന്റെ അന്തസിന് കോട്ടമുണ്ടാക്കുന്നതാണെന്ന് അസോസിയേഷൻ പ്രസിഡന്റ് ടി. മധുസൂദനൻ നൽകിയ നിവേദനത്തിൽ പറയുന്നു. കോടതിഅലക്ഷ്യ നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം. അപകീർത്തികരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ സമൂഹ മാദ്ധ്യമ പ്ലാറ്റ്‌ഫോമുകൾക്കടക്കം നിർദ്ദേശം നൽകണം. ജഡ്ജിയുടെ ഫോട്ടോ അടക്കം ഉപയോഗിച്ചാണ് അപകീർത്തികരമായ പ്രചാരണം. വിമർശനങ്ങൾക്ക് മറുപടി നൽകാൻ ജഡ്ജിമാർക്ക് വേദിയില്ല. കോടതി നടപടിയിലുള്ള ഇടപെടൽ കോടതിഅലക്ഷ്യമാണ്. വിധിന്യായങ്ങൾ പുറത്തുവരുമ്പോൾ ജഡ്ജിയെ വിമർശിക്കുന്ന പ്രവണത എല്ലാ പരിധിയും കടക്കുകയാണ്. ചില അഭിഭാഷകരും ഇതിനൊപ്പം ചേരുന്നു. കോടതി ഉത്തരവിന്റെ പേരിൽ ഇറങ്ങിയ ഊമക്കത്തിനെക്കുറിച്ച് ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റിട്ടതും നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, നടി പാർവതി തിരുവോത്ത് തുടങ്ങിയവരുടെ പരമർശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.