പ്ലസ്ടു വിദ്യാർത്ഥികളെ മർദ്ദിച്ച അദ്ധ്യാപകനെതിരെ കേസ്

Tuesday 16 December 2025 2:55 AM IST

പഴയങ്ങാടി (കണ്ണൂർ): പ്ളസ്ടു വിദ്യാർത്ഥികളെ മർദ്ദിച്ച സംഭവത്തിൽ ഡി.വൈ.എഫ്.ഐ നേതാവും ബി.എഡ് ട്രെയിനിയുമായ അദ്ധ്യാപകനും മൂന്ന് സുഹൃത്തുക്കൾക്കുമെതിരെ പഴയങ്ങാടി പൊലീസ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തു. സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘത്തിലെ വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിലായിരുന്നു മർദ്ദനം. പയ്യന്നൂർ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ ബിഎഡ് ട്രെയിനിയായ പുതിയങ്ങാടി സ്വദേശി ലിജോ ജോണിനെതിരെ അടക്കമാണ് കേസെടുത്തത്.

കഴിഞ്ഞ 5ന് സ്കൂളിൽ നിന്ന് വിനോദയാത്ര പോയ സംഘത്തിലുണ്ടായിരുന്ന വിദ്യാർത്ഥിനികളോട് ഡി.ജെ പാർട്ടിക്കിടെ അപമര്യാദയായി പെരുമാറിയതായി ആരോപണമുയർന്നിരുന്നു. അദ്ധ്യാപകർ ഇടപെട്ട് പ്രശ്നം പരിഹരിച്ചു. എന്നാൽ, ഇതിന്റെ വൈരാഗ്യത്തിൽ കഴിഞ്ഞ ഒമ്പതിന് തൃക്കരിപ്പൂർ കൗവ്വായി സ്വദേശികളായ മൂന്ന് വിദ്യാർത്ഥികളെ പഴയങ്ങാടിയിലേക്ക് ലിജോ ജോൺ വിളിച്ചു വരുത്തി. ഇവരെ ബൈക്കിൽ കയറ്റി വാടിക്കലിൽ എത്തിച്ചശേഷം സുഹൃത്തുക്കളുമായി ചേർന്ന് മർദ്ദിച്ചു. വീട്ടിൽ പറയാതിരിക്കാൻ ഭീഷണിപ്പെടുത്തിയതായും വിദ്യാർത്ഥികൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

കുട്ടികളുടെ ദേഹത്ത് നീർക്കെട്ട് ശ്രദ്ധയിൽപെട്ട വീട്ടുകാർ കാര്യം തിരക്കിയപ്പോഴാണ് മർദ്ദനവിവരം പുറത്തായത്. തുടർന്ന് കുട്ടികളെ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഴയങ്ങാടി പൊലീസിൽ പരാതിയും നൽകി. ലിജോ ജോൺ ഡി.വൈ.എഫ്.ഐ മാടായി സൗത്ത് മേഖലാ പ്രസിഡന്റാണ്. ഒളിവിൽപ്പോയ ഇയാൾക്കായി പൊലീസ് തെരച്ചിൽ ശക്തമാക്കി.