സി.കേശവൻ സ്മാരക പുരസ്കാരം നസീർ വെളിയിലിന് സമ്മാനിച്ചു

Tuesday 16 December 2025 2:59 AM IST

തിരുവനന്തപുരം: സി.കേശവൻ സ്മാരക സമിതി ഏർപ്പെടുത്തിയ സി.കേശവൻ സ്മാരക പുരസ്കാരം നസീർ വെളിയിലിന് സമ്മാനിച്ചു. തിരുവനന്തപുരം പ്രസ് ക്ലബിലെ ചടങ്ങിൽ മലങ്കര കത്തോലിക്കാ സഭാദ്ധ്യക്ഷൻ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയാണ് പുരസ്കാരം സമ്മാനിച്ചത്. ജീവകാരുണ്യ പ്രവർത്തകനും പത്തനാപുരം ഗാന്ധിഭവൻ സ്‌പെഷ്യൽ സ്കൂൾ ചെയർമാനും ആഗോള വ്യവസായിയുമാണ് നസീർ വെളിയിലിൻ. സമ്മേളനം ഗോവ മുൻ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. മാതൃകകൾ തേടിപ്പോകുന്ന ഇക്കാലത്ത് പൊതുപ്രവർത്തകർ മറന്നുപോകരുതാത്ത രാഷ്ട്രീയ ജീവതമായിരുന്നു സി.കേശവന്റേതെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. താത്കാലിക നേട്ടങ്ങൾക്കായുള്ള വിഭജന നീക്കങ്ങൾക്ക് സ്ഥാനമില്ലെന്നും ഒരമ്മ പെറ്റമക്കളാണ് ഭാരതത്തിലുള്ളതെന്നും ആവർത്തിച്ചു പറയേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്ന് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു. സി.കേശവന്റെ പേരിലുള്ള പുരസ്കാരം ജീവകാരുണ്യ പ്രവർത്തകനായ നസീർ വെളിയിലിന് നൽകിയതിലൂടെ ഈ കാലഘട്ടത്തിനുള്ള സന്ദേശമാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. മുൻ മന്ത്രി കെ.രാജു അദ്ധ്യക്ഷത വഹിച്ചു. പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി മുഖ്യപ്രഭാഷണം നടത്തി. ഗാന്ധിഭവൻ ഡയറക്ടർ ഡോ.പുനലൂർ സോമരാജൻ,ശബരിഗിരി ഗ്രൂപ്പ് ചെയർമാൻ ഡോ.വി.കെ.ജയകുമാർ,സി.കേശവൻ സ്മാരക സമിതി പ്രസിഡന്റ് അനീഷ് കെ.അയിലറ,സെക്രട്ടറി അഞ്ചൽ ജഗദീശൻ,സ്ഥാപക പ്രസിഡന്റ് ഷാജി മാധവൻ, ഡോ.കെ.വി.തോമസ് കുട്ടി,അഡ്വ.സൈമൺ അലക്സ്,അഡ്വ.ജി.സുരേന്ദ്രൻ,അഞ്ചൽ ഗോപൻ,അശോകൻ കുരുവിക്കോണം,ആയൂർ ഗോപിനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.