നിർമ്മിച്ചത് കൊച്ചിയിൽ , സ‌ർവീസ് നടത്തുന്നത് വാരണാസിയിൽ, രാജ്യത്തിന്റെ അഭിമാന പദ്ധതി

Tuesday 16 December 2025 4:07 AM IST

കൊച്ചി: കൊച്ചിയിൽ നിർമ്മിച്ച ഹൈഡ്രജൻ ഇന്ധനമായ ആദ്യത്തെ തദ്ദേശീയ യാത്രാബോട്ട് ഉത്തർപ്രദേശിലെ വാരാണസിയിൽ സർവീസ് നടത്തും. ഹൈഡ്രജൻ ഇന്ധനസെൽ പ്രൊപ്പൽഷനുള്ള രാജ്യത്തെ ആദ്യബോട്ടിൽ പൂർണമായും തദ്ദേശീയ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

വാരാണസിയിലെ നമോഘട്ടിൽ കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാതമന്ത്രി സർബാനന്ദ സോനോവാൾ കപ്പൽ ഫ്‌ളാഗ് ഓഫ് ചെയ്തു. കുറഞ്ഞ താപനിലയിൽ പ്രോട്ടോൺ എക്‌സ്‌ചേഞ്ച് മെ‌ംബ്രൻ ഇന്ധനസെൽ സംവിധാനത്തിൽ ഹൈഡ്രജനെ വൈദ്യുതിയാക്കി മാറ്റുകയും വെള്ളംമാത്രം പുറത്തുവിടുകയും ചെയ്യുന്നതാണ്.

ഇൻലാൻഡ് വാട്ടർവേയ്‌സ് അതോറിട്ടി ഒഫ് ഇന്ത്യയുടെ (ഐ.ഡബ്ല്യു.എ.ഐ) ഉടമസ്ഥതയിലുള്ള കപ്പൽ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിലാണ് (സി.എസ്.എൽ) പൂർത്തിയായത്. പരീക്ഷണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി വാണിജ്യസേവനത്തിന് സജ്ജമായത്. 2070 ആകുമ്പോഴേക്കും കാർബൺ പുറംതള്ളൽ ഇല്ലാതാക്കുകയെ ലക്ഷ്യംകൈവരിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളുടെയും രാജ്യത്തിന്റെ ഉൾനാടൻ ജലപാതകളിലുടനീളം സുസ്ഥിരമായ ഇന്ധനങ്ങൾ വികസിപ്പിക്കാനുള്ള കേന്ദ്ര തുറമുഖ, ഷിപ്പിംഗ് മന്ത്രാലയത്തിന്റെ നടപടികളുടെയും ഭാഗമായാണ് ബോട്ട് പുറത്തിറങ്ങുന്നത്.

കൊച്ചി മെട്രോബോട്ടുകൾക്ക് സമാനമായി 24മീറ്റർ കറ്റാമരനായി രൂപകല്പനചെയ്ത 6.5 നോട്ടി​ക്കൽ മൈൽ വേഗതയിൽ ഓടുന്ന ബോട്ടിൽ എയർകണ്ടീഷൻചെയ്ത 50 ക്യാബിനുകളാണ് യാത്രക്കാർക്കായി തയ്യാറാക്കിയത്. ഹൈബ്രിഡ് എനർജി സംവിധാനം, ഹൈഡ്രജൻ ഇന്ധനസെല്ലുകൾ, ബാറ്ററികൾ, സൗരോർജ്ജം എന്നിവ സംയോജിപ്പിച്ച് ഒരൊറ്റ ഹൈഡ്രജൻഫില്ലിൽ എട്ടുമണിക്കൂർവരെ പ്രവർത്തനം സാദ്ധ്യമാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ശുദ്ധവും സുസ്ഥിരവും സ്വാശ്രയവുമായ ഗതാഗത സംവിധാനങ്ങളിലേക്കുള്ള മാറ്റത്തിന് ഇന്ത്യ സാക്ഷ്യംവഹിക്കുകയാണെന്ന് സർബാനന്ദ സോനോവാൾ പറഞ്ഞു.