ചലച്ചിത്രമേളയിൽ 19 ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ച സംഭവം; നടപടി പരിഹാസ്യമെന്ന് ശശി തരൂർ

Tuesday 16 December 2025 10:38 AM IST

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിൽ 19 ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ചത് ദൗർഭാഗ്യകരമെന്ന് ശശി തരൂർ എംപി. ചിത്രങ്ങൾക്ക് അനുമതി കിട്ടാനായി കേന്ദ്രമന്ത്രി അശ്വിനി വെെഷ്ണവുമായി ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ എക്സ് പേജിലൂടെയായിരുന്നു ഇക്കാര്യം ശശി തരൂർ അറിയിച്ചത്.

'ബാക്കി ചിത്രങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. കഴിഞ്ഞ നൂറ്റാണ്ടിൽ ലോകമെമ്പാടും കോടിക്കണക്കിന് ആളുകൾ കണ്ട, റഷ്യൻ വിപ്ലവത്തെക്കുറിച്ച് 1928ൽ പുറത്തിറങ്ങിയ 'ബാറ്റിൽഷിപ്പ് പൊട്ടെം കിൻ' പോലൊരു ക്ലാസിക് ചിത്രത്തിന് അനുമതി നിഷേധിക്കുന്നത് പരിഹാസ്യമാണ്. ചില പലസ്തീൻ സിനിമകൾക്കും അനുമതി നിഷേധിച്ചു. ചിത്രങ്ങൾക്ക് അടിയന്തരമായി അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്'- ശശി തരൂർ കുറിച്ചു.

സെൻസറിംഗ് എക്സംപ്ഷൻ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ 19 ചിത്രങ്ങളുടെ പ്രദർശനമാണ് പ്രതിസന്ധിയിലായത്. സെൻസർ സർട്ടിഫിക്കറ്റ് കിട്ടാത്ത ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയം നൽകുന്ന സെൻസർ എക്സംപ്ഷൻ സർട്ടിഫിക്കറ്റ് അനിവാര്യമാണ്. എ പൊയറ്റ് അൺകൺസീൽഡ് പൊയട്രി, ഓൾ ദാറ്റ് ലെഫ്റ്റ് ഓഫ് യു, ബമാക്കോ, ബാറ്റിൽഷിപ്പ് പൊട്ടെം കിൻ, ബീഫ്, ക്ലാഷ്, ഈഗിൾസ് ഓഫ് റിപ്ലബിക്ക് , വൺസ് അപ്പോൺ എ ടൈം ഇൻ ഗാസ, പലസ്തീൻ 36, റെഡ്റെയിൻ, റിവർസ്റ്റോൺ, ദി അവർ ഓഫ്ദി ഫർൺസസ്, ടണൽസ്: സൺ ഇൻ ദി ഡാർക്ക്, യെസ്, ഫ്ലെയിംസ്, ടിംബക്റ്റു, വാജിബ് തുടങ്ങിയ സിനിമകളാണ് സെൻസറിംഗ് എക്സംപ്ഷനൽ സർട്ടിഫിക്കറ്റ് ലഭിക്കത്തതിനെ തുടർന്ന് ഒഴിവാക്കിയത്.