ജീവിക്കുന്നത് വിദേശത്ത്, അമ്മയ്‌ക്കൊപ്പം നാട്ടിലെ ഹോട്ടലിലെത്തിയ കുട്ടി ബില്ല് കണ്ട് ഞെട്ടി; പറഞ്ഞത് ഇത്രമാത്രം
കുടുംബസമേതം വിദേശത്ത് ജീവിക്കുന്ന ഒരുപാട് പേരുണ്ട്. വല്ലപ്പോഴും മാത്രമാണ് അവർ നാട്ടിലെത്തുക. പലപ്പോഴും എൻആർഐ കുട്ടികൾക്ക് മാതൃഭാഷ പോലും നന്നായി അറിയണമെന്നില്ല. മാത്രമല്ല ഇന്ത്യയിലെ ജീവിതസാഹചര്യത്തെക്കുറിച്ചും കുട്ടികൾക്ക് വലിയ ധാരണയുണ്ടാകണമെന്നില്ല. അത്തരത്തിലൊരു കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ന്യൂസിലൻഡിലാണ് കുട്ടി ജീവിക്കുന്നത്. നാട്ടിലെത്തിയപ്പോൾ ചെന്നൈയിലെ റസ്‌റ്റോറന്റിൽ പോയി ഭക്ഷണം കഴിച്ചു. എന്നാൽ ബില്ല് കണ്ടപ്പോൾ കുട്ടി അക്ഷരാർത്ഥത്തിൽ ഞെട്ടി. തുടർന്ന് അമ്മയോട് ബില്ലിനെപ്പറ്റി സംസാരിക്കുകയാണ് കുട്ടി. എന്തൊക്കെ ഭക്ഷണമാണ് കഴിച്ചതെന്ന് വായിക്കുന്നു. ബോണ്ട, സ്‌പെഷ്യൽ ഫലൂഡ, ഇഡ്ഡലി, പനീർ മസാല ദോശ, വെജിറ്റബിൾ നൂഡിൽസ് അങ്ങനെ ഏഴ് വിഭവങ്ങളാണ് കഴിച്ചത്. 1502 രൂപയാണ് ബില്ലായി വന്നിരിക്കുന്നത്. ഇതാണ് കുട്ടിയെ അമ്പരപ്പിച്ചത്.
ഏഴെണ്ണത്തിന് ഏകദേശം 30 ന്യൂസിലൻഡ് ഡോളർ (1,502 രൂപ) മാത്രമേ വിലയുള്ളൂ എന്നത് കുട്ടിയ്ക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ന്യൂസിലൻഡിൽ 200 ഡോളറിന് രണ്ടോ മൂന്നോ വിഭവങ്ങളേ കിട്ടുകയുള്ളൂവെന്ന് കുട്ടിപറയുന്നു. ഇൻസ്റ്റഗ്രാമിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.
വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യക്കാരുടെ സാലറി സ്ലിപ്പുകൂടി പരിശോധിക്കണമെന്നാണ് ഒരാളുടെ കമന്റ്. 1502 രൂപ എന്നത് തങ്ങളെ സംബന്ധിച്ച് വലിയ തുകയാണെന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്.