'തദ്ദേശ  തിരഞ്ഞെടുപ്പിൽ ഹിമാലയൻ  പരാജയം  ഉണ്ടായിട്ടില്ല; മുഖ്യമന്ത്രി  ഏകപക്ഷീയമായി  ഒരു  തീരുമാനവും  എടുത്തിട്ടില്ല'

Tuesday 16 December 2025 12:58 PM IST

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നിൽ ഭരണവിരുദ്ധ വികാരമുണ്ടായതായി ഇടതുപക്ഷത്തിന്റെ ഒരു വേദിയിലും ചർച്ചയായിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. അത് തെറ്റായ വിലയിരുത്തലാണ്. മുഖ്യമന്ത്രി ഏകപക്ഷീയമായി ഒരു തീരുമാനവും എടുത്തിട്ടില്ല. നടക്കുന്നത് തെറ്റായ പ്രചാരണമാണെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.

എൽഡിഎഫിൽ തെറ്റിദ്ധാരണയുണ്ടാക്കുന്നതിനാണ് പ്രചാരണം നടത്തുന്നത്. ഹിമാലയൻ പരാജയം ഉണ്ടായിട്ടില്ല. ജനവിധി മാനിക്കുന്നു. എല്ലാ തീരുമാനങ്ങളും ഏകകണ്ഠമായെടുത്തതാണ്. വോട്ടിംഗ് പാറ്റേണിനെ ഭരണവിരുദ്ധ വികാരമായി കാണാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

തദ്ദേശ തോൽവിക്ക് ഭരണവിരുദ്ധവികാരം കാരണമായെന്ന് സിപിഐ തുറന്നടിച്ചിരുന്നു. ഭരണ വിരുദ്ധ വികാരം തന്നെയാണ് കാരണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഒറ്റയാൾ പട്ടാളമായാണ് പ്രവർത്തിക്കുന്നതെന്നും വിമർശനമുയർന്നിരുന്നു. ആത്മപരിശോധന നടത്തി പരിഹാരമുണ്ടായില്ലെങ്കിൽ വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പരാജയം ആവർത്തിക്കുമെന്നും സിപിഐ യോഗത്തിൽ വിമർശനമുണ്ടായി.

തദ്ദേശതിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ, മണിക്കൂറുകളുടെ വ്യത്യാസത്തിൽ ചേർന്ന സിപിഎമ്മിന്റെയും സിപിഐയുടെയും സംസ്ഥാന സെക്രട്ടറിയേറ്റുകളാണ് വ്യത്യസ്ത നിലപാട് സ്വീകരിച്ചത്. രാവിലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിലപാടുകൾ നാലുമണിയോടെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വിശദീകരിക്കുന്ന വേളയിൽ, എംഎൻ സ്മാരകത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ പിണറായിക്കുനേരെ വിരൽ ചൂണ്ടുകയായിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആണ് പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിതുറന്നത്.