'കട്ടിളപ്പാളി സ്വർണമായിരുന്നുവെന്നതിന് മൊഴി മാത്രമാണ് തെളിവ്, മറ്റെന്തെങ്കിലും രേഖയുണ്ടോ'; വിമർശനവുമായി കോടതി
കൊച്ചി: ശബരിമല സന്നിധാനത്തെ കട്ടിളപ്പാളി സ്വർണമായിരുന്നുവെന്നതിന് തെളിവ് മൊഴി മാത്രമാണെന്ന് ഹൈക്കോടതി. ശ്രീകോവിലിന്റെ കട്ടിളപ്പാളി 1998ൽ സ്വർണം പൊതിഞ്ഞതായിരുന്നു എന്നത് സ്ഥിരീകരിക്കാനാവശ്യമായ രേഖകൾ സമർപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനോ എസ്‌ഐടിക്കോ സാധിച്ചില്ല. തുടർന്നായിരുന്നു കോടതിയുടെ വിമർശനം. മുൻ ദേവസ്വം ബോർഡ് കമ്മിഷണർ എൻ വാസുവിന്റെ ജാമ്യഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതി വിമർശനം ഉന്നയിച്ചത്.
കട്ടിളപ്പാളിയിൽ നിന്ന് സ്വർണം വേർതിരിച്ചെടുത്തുവെന്ന് സ്‌മാർട്ട് ക്രിയേഷൻസിലെ പങ്കജ് ഭണ്ഡാരിയുടെ മൊഴി മാത്രമാണ് സർക്കാർ കോടതിയിൽ സമർപ്പിച്ചത്. ഈ മൊഴിയല്ലാതെ മറ്റെന്തെങ്കിലും രേഖയുണ്ടോയെന്നും രേഖയില്ലാതെ കേസ് എങ്ങനെ നിലനിൽക്കുമെന്നും കോടതി ചോദിച്ചു. എഫ്‌ഐആറിൽ കട്ടിളപ്പാളി മാത്രമാണ് കോടതി പരാമർശിച്ചതെങ്കിലും ശിവരൂപം, ആർച്ച, വ്യാളി, രാശി പ്ളേറ്റ്, ദശാവതാരം എന്നിവയും ഉൾപ്പെട്ടതാണെന്ന വാദമാണ് സർക്കാർ ഉയർത്തിയത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് മജിസ്‌ട്രേറ്റ് കോടതിയിലോ വിജിലൻസ് കോടതിയിലോ നൽകിയിട്ടില്ലെന്നും നിലവിലെ എഫ്ഐആർ പ്രകാരം കട്ടിളപ്പാളി തന്നെയാണ് പ്രധാന വിഷയമെന്നും ഹൈക്കോടതി വ്യക്തമാക്കി.
അതേസമയം, കട്ടിളപ്പാളി നേരത്തെ സ്വർണം പൊതിഞ്ഞതാണെന്ന് ദേവസ്വം രേഖകളിൽ ഒരിടത്തും പറയുന്നില്ലെന്ന നിലപാടാണ് എൻ വാസുവിന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയത്. സ്വർണം പൊതിഞ്ഞിരുന്ന കട്ടിളപ്പാളി ചെമ്പെന്ന് വരുത്തിതീർത്ത് ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണം പൂശാൻ കൊടുത്തുവിട്ടുവെന്ന കുറ്റത്തിനാണ് വാസു ജയിൽശിക്ഷ അനുഭവിക്കുന്നത്.