തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുഡിഎഫ് സ്ഥാനാർത്ഥി മരിച്ചു
Tuesday 16 December 2025 1:50 PM IST
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ച യുഡിഎഫ് സ്ഥാനാർത്ഥി മരിച്ചു. ചെറിയകൊണ്ണി സ്വദേശി വിജയകുമാരൻ നായർ (59) ആണ് മരിച്ചത്. തിരഞ്ഞെടുപ്പിൽ അരുവിക്കര ഗ്രാമപഞ്ചായത്തിലെ മണമ്പൂർ വാർഡിൽ നിന്നാണ് മത്സരിച്ചത്.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശനിയാഴ്‌ച ഉച്ചയോടെ മരത്തിൽ തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് മകൻ കണ്ടതോടെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്.
മണമ്പൂരിൽ ബിജെപി സ്ഥാനാർത്ഥിയാണ് വിജയിച്ചത്. വിജയകുമാരൻ നായർ മൂന്നാം സ്ഥാനത്താണ് എത്തിയത്. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിൽ മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.