'പോറ്റിയേ, കേറ്റിയേ സ്വർണം ചെമ്പായ് മാറ്റിയേ'; പാരഡി ഗാനത്തിനെതിരെ പൊലീസ് മേധാവിക്ക് പരാതി
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ഹിറ്റായ 'പോറ്റിയേ, കേറ്റിയേ സ്വർണം ചെമ്പായ് മാറ്റിയേ' എന്ന പാരഡി ഗാനത്തിനെതിരെ പരാതി. പൊലീസ് മേധാവിക്കാണ് പരാതി നൽകിയിരിക്കുന്നത്. മനോഹരമായ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്നാണ് തിരുവാഭരണ പാതസംരക്ഷണ സമിതി ജനറൽ സെക്രട്ടറിയുടെ പരാതിയിൽ പറയുന്നത്. ഭക്തരെ അപമാനിച്ചെന്നും പാട്ട് പിൻവലിക്കണമെന്നും പരാതിയിൽ പറയുന്നുണ്ട്.
കോഴിക്കോട് നാദാപുരത്ത് നിന്ന് 46വർഷം മുമ്പ് ഖത്തറിലേക്ക് പോയ ജി പി കുഞ്ഞബ്ദുള്ളയെഴുതിയ പാരഡി ഗാനമാണ് ഇത്. യുഡിഎഫ് വിജയത്തിന്റെ കേരളത്തിലെ ആണിക്കല്ലായി വിലസിയ ഈ പാരഡിഗാനം ഒരു രാഷ്ട്രീയപ്പാർട്ടിക്കും വേണ്ടി എഴുതിയതല്ല. യൂത്ത് കോൺഗ്രസുകാർക്കും പിന്നീട് യൂത്ത് ലീഗുകാർക്കുമെല്ലാം അയച്ചെങ്കിലും ആരും പരിഗണിച്ചതുമില്ല. കോഴിക്കോട്ടുള്ള ഹനീഫ മുടിക്കോടനാണ് സംഗീതം നൽകി പാട്ടാക്കിയത്. അത് ഡാനിഷ് കൂട്ടിലങ്ങാടി പാടി ഹിറ്റായി. കുഞ്ഞബ്ദുള്ളയുടെ സുഹൃത്താണ് ഹനീഫ. യുഡിഎഫും എൻഡിഎയും സംസ്ഥാന വ്യാപകമായി ഈ പാരഡി ഗാനം തിരഞ്ഞെടുപ്പുവേളയിൽ ഏറ്റെടുത്തിരുന്നു. 'പള്ളിക്കെട്ട് ശബരിമലയ്ക്ക് കല്ലുംമുള്ളും കാലിക്ക് മെത്തെ' എന്ന പ്രശസ്തമായ ഭക്തിഗാനത്തിന്റെ ഈണത്തിലായിരുന്നു പാട്ടെഴുത്ത്.