ഇത്തവണ ഐപിഎൽ ലേലത്തിൽ ഏറ്റവും കൂടുതൽ പണം വാരിയത് ഓസ്ട്രേലിയൻ താരം; കോടികൾ മുടക്കി കെകെആർ
അബുദാബി: 2026 ഐപിഎൽ സീസണിന്റെ താരലേലം ആരംഭിച്ചു. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലേലത്തുകയോടെ ഓസ്‌ട്രേലിയൻ സൂപ്പർ താരം കാമറൂൺ ഗ്രീൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ ഇടംപിടിച്ചു. താരത്തിനായി വാശിയേറിയ പോരാട്ടമാണ് നടന്നത്. ആദ്യം മുതൽ രാജസ്ഥാൻ റോയൽസ് കാമറൂണിനെ സ്വന്തമാക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് പിൻമാറുകയായിരുന്നു. കൊൽക്കത്തയും ചെന്നൈ സൂപ്പർ കിംഗ്സുമായിരുന്നു താരത്തിനുവേണ്ടി രംഗത്തുണ്ടായിരുന്നു.
എന്നാൽ കോടികൾ വാരിയെറിഞ്ഞ് കൊൽക്കത്ത് നൈറ്റ് റൈഡേഴ്സ് (കെകെആർ) ഓസ്‌ട്രേലിയൻ താരത്തെ സ്വന്തമാക്കുകയായിരുന്നു. അടിസ്ഥാന വിലയായ രണ്ട് കോടിക്കുള്ള താരങ്ങളെയാണ് ആദ്യം ലേലത്തിൽ വിളിച്ചത്. അതിനു ശേഷമാണ് അടുത്തഘട്ടത്തലേക്ക് കടന്നത്. മുൻ കെകെആർ താരം വെങ്കടേഷ് അയ്യരെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു എഴുകോടിക്ക് സ്വന്തമാക്കി. ഗുജറാത്ത് ടൈറ്റൻസിന് താരത്തിൽ താൽപര്യമുണ്ടായിരുന്നെങ്കിലും ലേലത്തിൽ നിന്ന് പിന്മാറേണ്ടി വന്നു. വെങ്കടേഷിനെ തിരിച്ചു പിടിക്കാൻ കെകെആർ ശ്രമിച്ചെങ്കിലും ആർസിബിക്ക് മുന്നിൽ മുട്ടുമടക്കി.
ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റർ ക്വിന്റൺ ഡി കോക്കിനെ ഒരു കോടിക്ക് മുംബയ് ഇന്ത്യൻസ് സ്വന്തമാക്കി. ശ്രീലങ്കൻ സ്പിന്നർ വാനിന്ദു ഹസരങ്ക അടിസ്ഥാന വിലയായ രണ്ട് കോടിക്ക് ലക്നൗ സൂപ്പർ ജയന്റ്സിനായി കളിക്കും. ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലർ ഡൽഹി ക്യാപിറ്റൽസിൽ എത്തി. അടിസ്ഥാന തുകയായ രണ്ട് കോടിക്കാണ് താരത്തെ ഡൽഹി സ്വന്തമാക്കിയത്.
പ്രതീക്ഷയോടെ ലേലത്തിനെത്തിയ ചില പ്രമുഖ ഇന്ത്യൻ താരങ്ങളെ ടീമുകളൊന്നും പരിഗണിച്ചില്ല എന്നതും ശ്രദ്ധേയമായി. സർഫറാസ് ഖാൻ, പൃഥ്വി ഷാ എന്നിവരെ സ്വന്തമാക്കാൻ ഒരു ടീമും താൽപര്യപ്പെട്ടില്ല. മുംബയ്ക്ക് വേണ്ടി തകർപ്പൻ ഫോമിലായിരുന്നു സർഫറാസ് ഖാൻ. മഹാരാഷ്ട്രയ്ക്കു വേണ്ടി കളിച്ച പൃഥ്വി ഷായും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
ന്യൂസിലൻഡ് താരം ഡെവോൺ കോൺവെ, ഓസ്‌ട്രേലിയൻ താരം ജേക്ക് ഫ്രേസർ മക്ഗുർക് എന്നിവരെയും ആദ്യഘട്ടത്തിൽ ആരും ലേലത്തിൽ പരിഗണിച്ചിരുന്നില്ല. താരലേലത്തിൽ പ്രതീക്ഷയോടെ പതിനൊന്ന് മലയാളി താരങ്ങളാണ് പട്ടികയിലുള്ളത്. കെഎം ആസിഫ്, രോഹൻ കുന്നുമ്മൽ, സൽമാൻ നിസാർ, അഹമ്മദ് ഇമ്രാൻ, ഏദൻ ആപ്പിൾ ടോം, വിഘ്‌നേഷ് പുത്തൂർ, ശ്രീഹരി നായർ, അബ്ദുൽ ബാസിത്, അഖിൽ സ്‌കറിയ, മുഹമ്മദ് ഷറഫുദ്ദീൻ, ജിക്കു ബ്രൈറ്റ് എന്നിവരാണ് ലേലപ്പട്ടികയിൽ ഇടം നേടിയ താരങ്ങൾ.
പത്ത് ടീമുകളിൽ ആകെ 77 താരങ്ങൾക്കാണ് ലേലത്തിൽ അവസരം ലഭിക്കുന്നത്. 237.55 കോടി രൂപയാണ് എല്ലാ ടീമിനുമായി ആകെ മുടക്കാൻ കഴിയുന്നത്. കെകെആറാണ് ലേലത്തിൽ ഏറ്റവും കൂടുതൽ പണം മുടക്കാൻ കഴിവുള്ള ടീം. 2.75 കോടി രൂപയുമായി മുംബയ് ഇന്ത്യൻസാണ് പിന്നിൽ.