'ശരണം വിളിച്ച് കയറൂ, ക്യൂ പാലിക്കൂ', ശബരിമലയില്‍ പുതിയ സംവിധാനം

Tuesday 16 December 2025 7:38 PM IST

പത്തനംതിട്ട: പതിനെട്ടാംപടി കയറി വരുന്ന അയ്യപ്പഭക്തരോട് ക്യൂ പാലിക്കാനും തിരക്കുണ്ടാകാതെ കയറിവരാനും നിര്‍ദേശം നല്‍കാനായി പോലീസിന് മൈക്രോഫോണ്‍ അനൗണ്‍സ്മെന്റ് സംവിധാനം ഏര്‍പ്പെടുത്തി. ശരണം വിളികള്‍ക്കിടയില്‍ നിര്‍ദേശങ്ങള്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞാലും ഭക്തര്‍ക്ക് കേള്‍ക്കാന്‍ കഴിയില്ല.

ചെറിയ കുട്ടികളുമായി നിരവധി അയ്യപ്പന്‍മാരാണ് പടികയറിയെത്തുന്നത്. കുട്ടികളെ സുരക്ഷിതമായി പടി കയറ്റിവിടുന്നതിന് ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തുന്നത് കാണാം. ഭക്തര്‍ക്ക് കേള്‍ക്കാന്‍ കഴിയുന്ന വിധത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനാണ് മെഗാഫോണും മൈക്രോഫോണും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്നത്.

പതിനെട്ടാംപടി കയറിവരുന്ന ഭക്തജനങ്ങള്‍ക്ക് മൈക്രോഫോണിലൂടെ നിര്‍ദേശം നല്‍കുന്നതിനായി പ്രത്യേകം പോലീസുകാരെ കൊടിമരത്തിനു സമീപം വിന്യസിച്ചിട്ടുണ്ട്. ശരണം വിളിയോടെ പടികയറിവരാനും പറയുന്നത് മെഗാഫോണിലൂടെ കേള്‍ക്കാം. പതിനെട്ടാംപടിക്ക് പുറമേ വിവിധ പോയിന്റുകളില്‍ പോലീസിന്റെ മൈക്രോഫോണ്‍ അനൗണ്‍സ്മെന്റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.