കുട്ടികൾക്ക് തണലാവാൻ 1021 കൗൺസിലർമാർ കൂടി
തിരുവനന്തപുരം: കുട്ടികളെ കേൾക്കാനും ചേർത്തു പിടിക്കാനും 1021 കൗൺസിലർമാർ കൂടി സ്കൂളുകളിലെത്തും. അടുത്ത അദ്ധ്യയന വർഷം മുതൽ വനിതാ ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ കൂടുതൽ സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർമാരെ നിയമിക്കുന്നത് പരിഗണനയിലാണ്.
നിലവിൽ സംസ്ഥാനത്ത് 12,644 സ്കൂളുകളിലായി 1021 കൗൺസിലർമാരാണുള്ളത്. വിദ്യാർത്ഥികളുടെ മാനസികാരോഗ്യ വെല്ലുവിളികൾ ലഘൂകരിക്കുന്നതിനും സാമൂഹിക പിന്തുണ ഉറപ്പാക്കുന്നതിനുമാണ് സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർമാരെ നിയമിക്കുന്നത്. പദ്ധതിക്കായി 51 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. ജീവനക്കാരുടെ ശമ്പളത്തിനായി 30 കോടി രൂപയോളം ആവശ്യമാണ്. അടിസ്ഥാന സൗകര്യമൊരുക്കാനും ഫണ്ട് വേണം.ഒരു വർഷമായി ഫണ്ടില്ലാത്തതിനാൽ പദ്ധതി നീണ്ടു പോവുകയായിരുന്നു..
സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ ആത്മഹത്യ, ലഹരി മരുന്നുപയോഗം, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവ വർദ്ധിച്ചു വരുന്ന സാഹചര്യമാണ്. സ്കൂളുകളുടെയും, വിദ്യാർത്ഥികളുടെയും എണ്ണം പരിഗണിക്കുമ്പോൾ കൗൺസിലർമാർ അപര്യാപ്തമാണ്.
ഒരു കൗൺസിലർക്ക് ഒന്നിലധികം സ്കൂളുകളുടെ ചുമതല വഹിക്കേണ്ടി വരുന്നു.
സ്കൂൾ കൗൺസിലർമാർ:
തിരുവനന്തപുരം - 78
കൊല്ലം - 87
പത്തനംതിട്ട - 47
ആലപ്പുഴ - 58
കോട്ടയം - 61
ഇടുക്കി - 69
എറണാകുളം - 68
തൃശൂർ - 77
പാലക്കാട് - 79
മലപ്പുറം - 97
കോഴിക്കോട് - 79
വയനാട് - 60
കണ്ണൂർ - 94
കാസർക്കോട് - 58
'ഹൈസ്കൂളിലെ കൗമാരക്കാർക്ക് കൗൺസിലർമാരുടെ സേവനം അത്യാവശ്യമാണ്. അടിയന്തരമായി കൂടുതൽ കൗൺസിലർമാരെ നിയമിക്കണം. '
-ടി. കെ.എ ഷാഫി
ജനറൽ സെക്രട്ടറി
കെ.എസ്.ടി.എ