 ജനിതക രോഗം വീൽച്ചെയറിലാക്കി ആർഷയുടെ ആകാശത്ത് സ്വപ്നങ്ങൾക്ക് പരിധിയില്ല

Wednesday 17 December 2025 12:00 AM IST

കൊ​ല്ലം: മ​സ്​കു​ലാർ ഡി​സ്‌​ട്രോ​ഫിയെ​ന്ന അ​പൂർവ ജ​നി​ത​ക​രോ​ഗം ജീവിതം വീൽച്ചെയറിലാക്കിയെങ്കിലും ആർ​ഷ​ബോസ് സ്വപ്നങ്ങൾക്ക് പിന്നാലെ പറക്കുകയാണ്. കൊ​ല്ലം എ​സ്.എൻ കോ​ളേ​ജിൽ നി​ന്ന് എം.കോം മാർ​ക്ക​റ്റിംഗിൽ ഒ​ന്നാം റാങ്കോടെ പാസായ ഈ 24കാരി ക​ഴി​ഞ്ഞ ദി​വ​സം കോളേജിൽ ബാങ്കിംഗിൽ ഗവേഷണ വിദ്യാർത്ഥിനിയായി പ്രവേശിച്ചു.

അ​സി. പ്രൊ​ഫ​സ​റാ​യ വി​ഷ്​ണു​വാ​ണ് ഗൈ​ഡ്. ആ​ദ്യ ചാൻ​സിൽ ത​ന്നെ നെ​റ്റും ജെ.ആർ.എ​ഫും സ്വ​ന്ത​മാ​ക്കി. 2024ൽ പഠ​ന​മി​ക​വി​ന് ചീ​ഫ് മി​നി​സ്റ്റേ​ഴ്‌​സ് ട്രോ​ഫി​യും ആർ​ഷ സ്വ​ന്ത​മാ​ക്കിയിരുന്നു.

മൂ​ന്ന​ര വ​യ​സുള്ളപ്പോഴാണ് മ​സ്​കു​ലാർ ഡി​സ്‌​ട്രോ​ഫി രോ​ഗം തി​രി​ച്ച​റി​ഞ്ഞ​ത്. ന​ട​ക്കു​മ്പോ​ഴും സ്റ്റെ​പ്പു​കൾ ക​യ​റു​മ്പോ​ഴും ബു​ദ്ധി​മു​ട്ട് അനുഭവപ്പെട്ടതോടെ തിരുവനന്തപുരം എ​സ്.എ.ടി ആശുപത്രിയിലെത്തിച്ചു. തു​ടർ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. രോഗത്തിന് മ​രു​ന്നി​ല്ലെ​ന്ന​റി​ഞ്ഞ​തോ​ടെ വ​ട​ക്കേ​വി​ള വ​ലി​യകൂ​ന​മ്പാ​യി​ക്കു​ളം ന്യൂ​ന​ഗർ 65 തെ​ക്കേ​ക​ളീ​ലിൽ വീ​ട്ടിൽ അച്ഛൻ ചന്ദ്രബോസും അമ്മ അ​ജ​ന്ത​കു​മാ​രി​യും തകർന്നു.

ഗൾഫിലായിരുന്ന ചന്ദ്രബോസ് ജോലി ഉപേക്ഷിച്ചു. പഠിക്കാൻ മിടുക്കിയാണെന്ന് തിരിച്ചറിഞ്ഞതുമുതൽ അവളുടെ സ്വപ്നങ്ങൾക്കൊപ്പം നിൽക്കുകയാണ് മാതാപിതാക്കൾ. കോ​ളേ​ജ് പ്രൊ​ഫ​സർ ആക​ണ​മെ​ന്നാ​ണ് ആർ​ഷ​യു​ടെ ആ​ഗ്ര​ഹം.

 പ​ത്താം ക്ലാ​സിൽ വീൽച്ചെ​യ​റി​ലേ​ക്ക്

ഒൻപ​താം ക്ലാ​സ് വ​രെ പ​തി​യെ ന​ട​ക്കുമായിരുന്നു. എ​ന്നാൽ പ​ത്താം ക്ലാ​സാ​യ​തോ​ടെ പൂർണ​മാ​യും വീൽച്ചെയ​റിലാ​യി. അ​ന്നു​മു​തൽ മാ​രു​തി വാ​നിൽ ച​ക്രക്ക​സേ​ര​യിൽ മ​ക​ളെയിരു​ത്തി ചന്ദ്രബോസ് സ്കൂളിൽ കൊണ്ടുപോയി. ഇതിനിടയിൽ കിട്ടുന്ന സമയത്ത് കൂലിപ്പണിക്ക് പോയി അദ്ദേഹം കുടുംബം പുലർത്തി.

മസ്‌കുലാർ ഡിസ്‌ട്രോഫി

ശരീരചലനത്തെ ബാധിക്കുന്ന അപൂർവമായ ജനിതക രോഗം. ശരീരത്തിന്റെ ചലനശേഷി ക്രമേണ നഷ്ടമാകും. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനത്തെ സഹായിക്കുന്ന പേശികളെയും ബാധിച്ചേക്കാം.