സോണിയക്കും രാഹുലിനും ആശ്വാസം: നാഷണൽ ഹെറാൾഡിൽ ഇ.ഡി കുറ്റപത്രം തള്ളി
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിലെ കുറ്റപത്രം സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ഡൽഹി റൗസ് അവന്യു കോടതി തള്ളി. ഇതോടെ ഇ.ഡിക്കിത് തിരിച്ചടിയും കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ആശ്വാസവുമായി. സ്വകാര്യ വ്യക്തിയുടെ പരാതിയിൽ അന്വേഷണം നടത്തി തയ്യാറാക്കിയ കുറ്റപത്രമെന്ന് വിലയിരുത്തിയാണ് പ്രത്യേക ജഡ്‌ജി വിശാൽ ഗൊഗ്നെയുടെ നടപടി. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്‌ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാവണം അന്വേഷണം. എന്നാൽ ഈ കേസിൽ അതല്ല സാഹചര്യം. എഫ്.ഐ.ആറിന്റെ അഭാവമുള്ള ഇ.ഡി കുറ്റപത്രം നിയമപരമായി നിലനിൽക്കില്ലെന്നും സ്വീകരിക്കില്ലെന്നും കോടതി നിലപാടെടുത്തു. 2014ൽ ബി.ജെ.പി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമിയുടെ പരാതിയിലാണ് ഇ.ഡി അന്വേഷണം. ഇരു നേതാക്കളും 50 ലക്ഷം നൽകി അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡിന്റെ (എ.ജെ.എൽ) 2000 കോടിയുടെ സ്വത്തുക്കൾ തട്ടിയെടുത്തുവെന്നാണ് കുറ്റപത്രത്തിലുള്ളത്. അതേസമയം,ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം സോണിയക്കും രാഹുലിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തിട്ടുള്ളത് കോടതി ചൂണ്ടിക്കാട്ടി. അതിനാൽ ഇ.ഡിയുടെ വാദങ്ങൾ മെരിറ്റിൽ തീർപ്പാക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി. നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിന്റെ കുറ്റപത്രത്തിന്റെ പകർപ്പ് വേണമെന്ന സോണിയയുടെയും രാഹുലിന്റെയും ആവശ്യം തള്ളി.
സത്യം ജയിച്ചെന്ന്
കോൺഗ്രസ്
സത്യം ജയിച്ചെന്നും മോദി സർക്കാരിന്റെ നിയമവിരുദ്ധമായ സമീപനങ്ങൾ മറനീക്കി പുറത്തുവന്നുവെന്നും കോൺഗ്രസ് പ്രതികരിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചു വേട്ടയാടി. എല്ലാം കോടതി വിധിയിലൂടെ പരാജയപ്പെട്ടെന്ന് കോൺഗ്രസ് പറഞ്ഞു. കേസിന്റെ മെരിറ്റിൽ കോടതി ഒന്നും പറഞ്ഞിട്ടില്ലെന്നും കോൺഗ്രസ് നേതാക്കൾക്ക് ആശ്വാസമല്ലെന്നും ബി.ജെ.പി വ്യക്തമാക്കി.