റിയൽ എസ്റ്റേറ്റ് ഇടപാടല്ല,​ കിഫ്ബി ഭൂമി വാങ്ങൽ ഇടക്കാല ഉത്തരവിൽ ഹൈക്കോടതി

Wednesday 17 December 2025 12:00 AM IST

കൊച്ചി: വികസന പദ്ധതികൾക്കായി കിഫ്ബി ഭൂമി വാങ്ങിയതിനെ റിയൽ എസ്റ്റേറ്റ് പ്രവർത്തനമായി പ്രഥമദൃഷ്ട്യാ വിലയിരുത്താനാകില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഫെമ നിയമ ലംഘനം ആരോപിച്ച് കിഫ്ബിക്ക് ഇ.ഡി നൽകിയ നോട്ടീസിലെ തുടർനടപടി മൂന്നു മാസത്തേക്ക് തടഞ്ഞ ഇടക്കാല ഉത്തരവിലാണ് കോടതിയുടെ പരാമർശം.

അടിസ്ഥാന സൗകര്യ വികസനത്തിനായി ഭൂമി വാങ്ങുന്നതിനെ റിയൽ എസ്റ്റേറ്റ് പ്രവർത്തനത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി. കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ വിജ്ഞാപന പ്രകാരം റോഡ്, പാലം തുടങ്ങിയ നിർമ്മാണ പ്രവർത്തനങ്ങൾ അടിസ്ഥാന വികസന പദ്ധതിയുടെ പരിധിയിൽ വരും. ഈ പട്ടികയ്ക്ക് പുറത്തുള്ള കാര്യങ്ങൾക്കാണ് കിഫ്ബി ഫണ്ട് ഉപയോഗിച്ചതെന്ന ആരോപണം ഇ.ഡിയുടെ കംപ്ലെയിന്റിൽ ഇല്ല. അതിനാൽ അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിക്ക് തുടർനടപടി സ്വീകരിക്കാനാകില്ലെന്ന കിഫ്ബിയുടെ വാദത്തിൽ കഴമ്പുണ്ടെന്ന് കോടതി പറഞ്ഞു.

കിഫ്ബി വിദേശത്ത് മസാല ബോണ്ട് പുറപ്പെടുവിച്ചത് 2019 മാർച്ച് 26 നും 27നും ഇടയിലാണ്. ഇത് 2019 ലെ ബാഹ്യ വാണിജ്യ വായ്പ ചട്ടക്കൂട് ( ഇ.സി.ബി ഫ്രെയിംവർക്ക്) നിലവിൽ വന്നശേഷമാണ്. ഇതിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി ഭൂമി വാങ്ങുന്നത് വിലക്കിയിട്ടില്ല. നിലവിൽ 90,927 കോടി രൂപയുടെ പദ്ധതിക്ക് അനുമതി നൽകിയിട്ടുണ്ട്. ഇതിൽ 21,881 കോടി രൂപയുടെ ജോലികൾ പൂർത്തിയായി. 42,765 കോടി രൂപയുടെ പദ്ധതികൾ പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തിൽ അഡ്ജുഡിക്കേഷൻ നടപടികൾക്ക് അനുമതി നൽകിയാൽ കിഫ്ബിയുടെ പ്രവർത്തനത്തെ ബാധിക്കുമെന്നും സംസ്ഥാനം പ്രതിസന്ധിയിലാകുമെന്നും അഡ്വക്കേറ്റ് ജനറൽ കെ.ഗോപാലകൃഷ്ണ കുറുപ്പ് വിശദീകരിച്ചിരുന്നു. ഇ.ഡിക്ക് നോട്ടീസയച്ച കോടതി, കിഫ്ബിയുടെ ഹർജി ജനുവരി 20 ന് പരിഗണിക്കാൻ മാറ്റി.