പെരുനാട് ഡിവിഷനിൽ ജില്ലാ കമ്മിറ്റി അംഗത്തിന്റെ തോൽവി: സി.പി.എം പ്രാദേശിക ഘടകത്തിൽ കലാപം
പെരുനാട്: റാന്നി ബ്ലോക്ക് പഞ്ചായത്ത് പെരുനാട് ഡിവിഷനിൽ നടന്ന തിരഞ്ഞെടുപ്പിൽ സി.പി.എം ജില്ലാ കമ്മിറ്റി അംഗം എസ്. ഹരിദാസ് തോട്ടത്തിലിന്റെ പരാജയം പ്രാദേശിക ഘടകത്തിൽ വൻ വിവാദങ്ങൾക്കും കലാപത്തിനും വഴിവച്ചു. പഞ്ചായത്ത് ഭരണം പാർട്ടിക്ക് ലഭിച്ചെങ്കിലും, ജില്ലാ കമ്മിറ്റി അംഗത്തിന്റെ തോൽവിയാണ് പ്രശ്‌നങ്ങൾക്ക് കാരണം. ബിനു വയറൻമരുതിക്കൽ (കോൺഗ്രസ് ) 3175, എസ്.ഹരിദാസ് (സി.പി.എം) 3147, മനീഷ് പെരുനാട് (ബി.ജെ.പി ) 1623 പോസ്റ്റൽ വോട്ടുകൾ ഉൾപ്പെടെയുള്ള കണക്കനുസരിച്ച് 28 വോട്ടിനാണ് സി.പിഎം ജില്ലാ കമ്മിറ്റി അംഗം തോൽവി ഏറ്റുവാങ്ങിയത്. ഇത് പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇതിനു പിന്നാലെ, പെരുനാട്ടിലെ തന്നെ മറ്റൊരു ജില്ലാ കമ്മിറ്റി അംഗത്തിനെതിരായി സി.പി.എം പ്രവർത്തകർ തന്നെ സാമൂഹിക മാദ്ധ്യമങ്ങളിൽ പോസ്റ്റുകൾ ഇടുന്നത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. തോൽവിക്ക് കാരണം പ്രാദേശിക നേതൃത്വത്തിലെ ചിലരുടെ നിസഹകരണമാണ് എന്ന ആരോപണമാണ് പോസ്റ്റുകളിലൂടെ പ്രധാനമായും ഉയർത്തുന്നത്. പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ് പരാജയത്തിലേക്ക് നയിച്ചതെന്നും ഇത് ഗൗരവമായി അന്വേഷിക്കണമെന്നും പ്രവർത്തകർ ആവശ്യപ്പെടുന്നു. വിഷയത്തിൽ സി.പി.എം ജില്ലാ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. പാർട്ടി ഉടൻ തന്നെ വിശദമായ അന്വേഷണം നടത്തുമെന്നാണ് സൂചന. സഹകരണ ബാങ്ക് വിഷയങ്ങളിൽ ഉൾപ്പടെ ആരോപണ വിധേയരായ നേതാക്കളുടെ സ്ഥാനാർത്ഥിത്വമാണ് പാർട്ടിയെ നാറാണംമൂഴിയിലും പരാജയത്തിലേക്ക് നയിച്ചതെന്നാണ് പ്രധാന ആരോപണം ഉയരുന്നത്.