നാവിക കപ്പൽ കമ്മിഷൻ ചെയ്‌തു
Wednesday 17 December 2025 2:22 AM IST
കൊച്ചി: നാവികസേനയുടെ മുങ്ങൽ വിദഗ്ദ്ധർക്ക് പിന്തുണ നൽകാനുള്ള കപ്പൽ കമ്മിഷൻ ചെയ്‌തു. ഈ വർഷം സേന പുതുതായി വ്യൂഹത്തിൽ ചേർത്ത 11-ാമത് കപ്പലാണ് ഡി.എസ്.സി എ 20. ആത്മനിർഭർ ഭാരത് പദ്ധതിയിൽ ആഭ്യന്തരമായി നിർമ്മിച്ച കപ്പലാണിത്. കപ്പൽ കമ്മിഷൻ ചെയ്യുന്ന ചടങ്ങിൽ ദക്ഷിണ നാവികത്താവളം മേധാവി വൈസ് അഡ്മിറൽ സമീർ സക്‌സേന അദ്ധ്യക്ഷത വഹിച്ചു. കപ്പലിന്റെ കമാൻഡിംഗ് ഓഫീസർ ലഫ്‌റ്റനന്റ് കമാൻഡർ ഹേമന്ത് സിംഗ് ചൗഹാൻ കമ്മിഷനിംഗ് ഉത്തരവ് വായിച്ചു. കടലിനടിയിലെ ദൗത്യങ്ങൾ, രക്ഷാപ്രവർത്തനം എന്നിവ ശക്തമാക്കാൻ കപ്പൽ ഉപയോഗിക്കും. അത്യാധുനിക നിരീക്ഷണ, മുങ്ങൽ സംവിധാനങ്ങൾ, ആധുനിക ഉപകരണങ്ങൾ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.