ലോകങ്ങൾക്കുള്ളിലെ ലോകങ്ങളെ വരച്ച് ഗുലാം മുഹമ്മദ് ഷെയ്ഖ്
കൊച്ചി: ലോകങ്ങൾക്കുള്ളിലെ ലോകം... കാഴ്ചക്കാരന്റെ മനസുകളിലേക്ക് ലോകങ്ങൾക്കുള്ളിലെ മറ്റ് ലോകങ്ങളെ സംവേദിപ്പിക്കുന്ന ചിത്രപ്രദർശനത്തിന് എറണാകുളം ഡർബാർ ഹാളിൽ തുടക്കമായി. വിഖ്യാത ചിത്രകാരനും എഴുത്തുകാരനുമായ ഗുലാം മുഹമ്മദ് ഷെയ്ഖിന്റെ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.
നഗരം, യാത്രകൾ, മാപ്പിംഗ് എന്നിങ്ങനെ മൂന്ന് മേഖലകളിലൂടെയുള്ള യാത്രയാണ് പ്രദർശനം. 1970കളിൽ, മരങ്ങൾ, പ്രകൃതിദൃശ്യങ്ങൾ, നഗരദൃശ്യങ്ങൾ തുടങ്ങിയവയിലൂടെ കടന്നു പോയ അദ്ദേഹത്തിന്റെ രചനകൾ പിന്നീട് മുഗൾ, പേർഷ്യൻ തുടങ്ങി വിവിധ മിനിയേച്ചർ ശൈലികളിലേക്ക് ഗതി മാറിയതുൾപ്പെടെ പ്രദർശനത്തിൽ തെളിഞ്ഞു കാണാം.
ബറോഡയിലെ വർഗീയ കലാപസമയത്ത് രചിച്ച 'സിറ്റി ഫോർ സെയിൽ', ഷെയ്ഖിന്റെ അഹമ്മദാബാദ് - ദി സിറ്റി ഗാന്ധി ലെഫ്റ്റ് ബിഹൈൻഡ് തുടങ്ങിയ ചിത്രങ്ങൾ ആസ്വാദകനെ ചിന്തിപ്പിക്കുന്നവയാണ്.
കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായി ദർബാർഹാളി കലാസൃഷ്ടികളുടെ പ്രദർശനം ആരംഭിച്ചു. കിരൺ നാടാർ മ്യൂസിയം ഒഫ് ആർട്ട് ആണ് 'ലോകങ്ങൾക്കുള്ളിലെ ലോകങ്ങൾ' എന്ന പ്രദർശനം സംഘടിപ്പിക്കുന്നത്.
കിരൺ നാടാർ മ്യൂസിയം ഒഫ് ആർട്ടിന്റെ ചീഫ് ക്യൂറേറ്ററും ഡയറക്ടറുമായ റൂബീന കരോഡെയാണ് പ്രദർശനത്തിന്റെ ക്യൂറേറ്റർ.
ഷെയ്ക്കിന്റെ കവിതകൾ, പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട രചനകൾ, കത്തുകൾ, മാസികകൾ, ഫോട്ടോഗ്രാഫുകൾ എന്നിവയുൾപ്പെടെയുള്ള ആർക്കൈവൽ വസ്തുക്കളും പ്രദർശനത്തിലുണ്ട്.
ഗുലാം മുഹമ്മദ് ഷെയ്ഖിന്റെ കലാവിഷ്‌കാരം ആസ്വാദകനെ തിരിച്ചറിയലിന്റെ നിമിഷത്തിലേക്ക് വലിച്ചടുപ്പിക്കും റുബീന കരോഡെ കിരൺ നാടാർ മ്യൂസിയം ഡയറക്ടർ