ഷിപ്പ് യാർഡിനും കേരള സർവകലാശാലയ്ക്കും വിമാനത്താവളത്തിനും ഊർജ്ജ സംരക്ഷണ അവാർഡ്

Wednesday 17 December 2025 12:00 AM IST

തിരുവനന്തപുരം: കൊച്ചിൻ ഷിപ്പ് യാർഡിനും കേരള സർവകലാശാലയ്ക്കും തിരുവനന്തപുരം എയർപോർട്ടിനും ഊർജ്ജ സംരക്ഷണ പുരസ്കാരം. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. വൻകിട സ്ഥാപനങ്ങൾ,ചെറുകിടസ്ഥാപനങ്ങൾ,കെട്ടിടങ്ങൾ,സ്ഥാപനങ്ങൾ തുടങ്ങി ഏഴ് വിഭാഗങ്ങളിലാണ് അവാർഡ്. ഫെബ്രുവരി 7,8,9 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന ഊർജ്ജ സംരക്ഷണ ദിനാചരണ പരിപാടിയിൽ അവാർഡ് വിതരണം ചെയ്യും. സംസ്ഥാനസർക്കാർ ഏർപ്പെടുത്തിയ പുരസ്കാരം ഏകോപിപ്പിച്ച് വിതരണം ചെയ്യുന്നത് എനർജി മാനേജ്മെന്റ് സെന്ററാണ്.

249 ദശലക്ഷം യൂണിറ്റ് വൈദ്യുതിയും 841ടൺ ഇന്ധനവും ലാഭിക്കാനുള്ള ഊർജ്ജ സംരക്ഷണനടപടികളെടുത്ത 90 സ്ഥാപനങ്ങളാണ് സംസ്ഥാനത്ത് അവാർഡിന് അപേക്ഷിച്ചത്. വൻകിടവിഭാഗത്തിൽ ഷിപ്പ് യാർഡിന് പുറമെ കോഴിക്കോട്ടെ പി.കെ. സ്റ്റീൽ കാസ്റ്റിംഗ്സ്,തിരുവനന്തപുരത്തെ ട്രാവൻകൂർ ടൈറ്റാനിയം എന്നിവയ്ക്കും അവാർഡുണ്ട്.

ഇടത്തരം സ്ഥാപനങ്ങളുടെ വിഭാഗത്തിൽ ആലപ്പുഴയിലെ വി.കെ.എൽ സീസണിംഗ്സ്, കണ്ണൂർ മിൽമ ഡെയറി, ചെറുകിടസ്ഥാപനങ്ങളിൽ കോഴിക്കോട് ഫോർച്യൂൺ ഇലാസ്റ്റമേഴ്സ്, കെട്ടിടങ്ങളിൽ തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട്, കുമരകം കോക്കനട്ട് ലഗൂൺ എന്നിവയ്ക്കും സ്ഥാപനങ്ങളിൽ കേരളയൂണിവേഴ്സിറ്റിക്ക് പുറമെ കളമശേരിയിലെ രാജഗിരികോളേജിനും അവാർഡുണ്ട്. ഊർജ്ജകാര്യക്ഷമത കൂടിയ ഉപകരണങ്ങളുടെ പ്രമോട്ടർമാരിൽ ആലപ്പുഴയിലെ ആൾ എബൗട്ട് ഇന്നൊവേഷൻ ആൻഡ്

അഡ്വാൻസ്ഡ് റിസർച്ച്,ആർക്കിടെക്റ്റ് വിഭാഗത്തിൽ എറണാകുളത്ത എ5 സസ്റ്റയിനബിലിറ്റി കൺസൾട്ടന്റ് എന്നിവയ്ക്കുമാണ് പുരസ്കാരം.