അയ്യപ്പച്ചിത്രം മേൽശാന്തിക്ക് നൽകി, അഭിനവിന് ആഗ്രഹസാഫല്യം
ശബരിമല : മലപ്പുറം സ്വദേശിയായ അഭിനവ് ഇക്കുറി ശബരിമലയിലെത്തിയത് അയ്യപ്പസ്വാമിക്ക് സമർപ്പിക്കാനായി അക്രിലിക്ക് പെയിന്റിംഗിൽ വരച്ച അയ്യപ്പന്റെ ചിത്രവുമായാണ്. ക്യാൻവാസ് ഉൾപ്പടെ കൊണ്ടുവരുന്നത് ബുദ്ധിമുട്ടായതിനാൽ പൈപ്പിനുള്ളിലാക്കിയാണ് ചിത്രം കൊണ്ടുവന്നത്. എന്നാൽ നടപ്പന്തലിലെത്തിയ അഭിനവിന്റെ കൈയിൽനിന്ന് പൊലീസുകാർ പൈപ്പ് വാങ്ങി. ആഗ്രഹിച്ചു വരച്ചു കൊണ്ട് വന്ന ചിത്രം സന്നിധാനത്തേക്ക് കൊണ്ടുവരാൻ കഴിയാത്ത സങ്കടത്തിൽ നിറകണ്ണുകളുമായാണ് അഭിനവ് പടി ചവിട്ടിയത്. ശേഷം സന്നിധാനം എസ് എച്ച് ഒ യെ വിവരം ധരിപ്പിച്ചു. എസ് എച്ച് ഒയുടെ നിർദേശപ്രകാരം പൊലീസുകാർ ഈ ചിത്രം അഭിനവിനു തിരികെ നൽകി. അഭിനവിന്റെ വിഷമം മനസിലാക്കിയ കേരളകൗമുദി ജീവനക്കാർ ഇടപെട്ട് തന്ത്രിയെ കാണാനായി അവസരം ഒരുക്കുകയായിരുന്നു. മേൽശാന്തി പ്രസാദ് ഇ.ഡി യ്ക്ക് ചിത്രം കൈമാറി. ഇന്റസ്റ്റഗ്രാമിൽ ധാരാളം ഫോളോവർസ് ഉള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയാണ് അഭിനവ്.