മെഴുവേലിയിൽ നെജോമോൻ.ടി.എ പ്രസിഡന്റാകും
മെഴുവേലി: ഇരുപത് വർഷങ്ങൾക്കുശേഷം യു.ഡി.എഫ് പിടിച്ചെടുത്ത മെഴുവേലി ഗ്രാമപഞ്ചായത്തിൽ യൂത്ത് കോൺഗ്രസ് ആറന്മുള നിയോജക മണ്ഡലം പ്രസിഡന്റ് നെജോമോൻ.ടി.എ പ്രസിഡന്റാകുമെന്ന് സൂചന. പാർട്ടിയ്ക്കുള്ളിൽ ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടു വനിതകളെയാണ് പരിഗണിക്കുന്നത്. രണ്ടാം വാർഡായ കൂടുവെട്ടിക്കലിൽ നിന്ന് വിജയിച്ച ഷൈനിലാൽ, മൂന്നാം വാർഡ് കാരിത്തോട്ടയിൽ നിന്ന് വിജയിച്ച ഗിരിജാ ശുഭാനന്ദൻ എന്നിവരാണ് പരിഗണനയിലുള്ളത്. രണ്ടുപേരും മുൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളാണ്. ഷൈനി കഴിഞ്ഞ മൂന്നു വർഷമായി ഗ്രാമപഞ്ചായത്ത് അംഗമായി തുടരുകയാണ്. 14 അംഗ ഗ്രാമപഞ്ചായത്തിൽ 9 പേർ യു.ഡി.എഫിൽ നിന്നും മുൻ എം.എൽ.എ കെ.സി.രാജഗോപാൽ ഉൾപ്പടെ അഞ്ചുപേർ എൽ.ഡി.എഫിൽ നിന്നും വിജയിച്ചു. ഭൂരിപക്ഷം നാമമാത്രമായതിനെ തുടർന്ന് കെ.സി.ആർ പാർട്ടി ഏരിയാ കമ്മിറ്റി സെക്രട്ടറിക്കെതിരെ പരസ്യമായി രംഗത്തെത്തിയത് സി.പി.എം ജില്ലാ, സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി. മാത്രമല്ല പാർട്ടി ഏരിയാകമ്മിറ്റിയംഗം സജികുമാർ, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ കെ.പി.വിശ്വംഭരൻ, വി.വിനോദ് എന്നിവർ പരാജയപ്പെട്ടതും സി.പി.എമ്മിന് വലിയ നാണക്കേടായി. എൽ.ഡി.എഫ് കോട്ടയെന്നറിയപ്പെട്ടിരുന്ന മെഴുവേലിയിൽ ഭരണം നഷ്ടമായതോടെ പാർട്ടിയ്ക്കുള്ളിൽ ഉടലെടുത്ത അസ്വാരസ്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനാണ് യു.ഡി.എഫ് നീക്കം.