താമരശ്ശേരി ചുരത്തിൽ ലോറി കുടുങ്ങി, 8 മണിക്കൂർ യാത്രക്കാർ പെരുവഴിയിൽ
വൈത്തിരി : താമരശ്ശേരി ചുരത്തിൽ ലോറി കുടുങ്ങിയതിനെ തുടർന്ന് യാത്രക്കാർ പെരുവഴിയിലായത് എട്ടുമണിക്കൂർ.
ഇന്നലെ പുലർച്ചെ അഞ്ചുമണിയോടെ ചുരം ഇറങ്ങുകയായിരുന്ന ലോറി വീതി കുറഞ്ഞ ഏഴാം വളവിൽ കുടുങ്ങുകയായിരുന്നു. കൊടുംവളവിൽ റോഡിന് കുറുകെയായി ലോറി കുടുങ്ങിയതോടെ വാഹനങ്ങൾക്ക് അനങ്ങാൻ കഴിയാത്ത സ്ഥിതിയായിരുന്നു . ആക്സിൽ പൊട്ടിയാണ് ലോറി കുടുങ്ങിയത്. കോഴിക്കോട് നിന്ന് മെക്കാനിക്കെത്തി പത്തുമണിയോടെ തകരാർ പരിഹരിക്കാൻ ശ്രമം ആരംഭിച്ചില്ലെങ്കിലും ഉച്ചയ്ക്ക് ഒരു മണിക്കാണ് ലോറി മാറ്റാനായത്. എയർപോർട്ടിലേക്കുള്ള വാഹനങ്ങൾ ഉൾപ്പെടെ നിശ്ചിത സമയത്ത് കടന്നുപോകാൻ കഴിയാത്തതിനാൽ പലരുടെയും വിദേശയാത്ര മുടങ്ങി. പൊലീസും സന്നദ്ധ പ്രവർത്തകരുംചേർന്നാണ് ഗതാഗതം നിയന്ത്രിച്ചത്. പരീക്ഷയ്ക്ക് ഉൾപ്പെടെ പുറപ്പെട്ടവർ കിലോമീറ്ററോളം നടന്നാണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്. താമരശ്ശേരി ചുരത്തിൽ കുടുങ്ങുന്ന വാഹനങ്ങൾ ഉടൻ മാറ്റാൻ കഴിയാത്തതാണ് പ്രതിസന്ധിയാകുന്നത്. നേരത്തെ കോഴിക്കോട്, വയനാട് ജില്ലാ ഭരണകൂടങ്ങൾ സംയുക്തമായി താമരശ്ശേരി ചുരത്തിൽ പ്രത്യേക ആക്ഷൻ പ്ലാൻ തയ്യാറാക്കിയിരുന്നു. മെക്കാനിക്ക് ക്രെയിൻ ഉൾപ്പെടെയുള്ള സംവിധാനം ചുരത്തിൽ സജ്ജമാക്കലായിരുന്നു പ്രധാന തീരുമാനം. എന്നാൽ അത്തരം ഒരു സംവിധാനവും ഇന്നലെ ഉണ്ടായിരുന്നില്ല. ഭക്ഷണവും വെള്ളവും ഇല്ലാതെ നിരവധി യാത്രക്കാർ വലഞ്ഞു. ശബരിമലയിലേക്ക് ഓൺലൈൻ ബുക്കിംഗ് എടുത്തുവന്ന അയ്യപ്പഭക്തരും ചുരത്തിൽ കുടുങ്ങി.
ബൈക്കിൽ ചുരം കയറി ടി സിദ്ദിഖ് എം.എൽ.എ
കൽപ്പറ്റ:ചീക്കല്ലൂരിൽ കടുവയിറങ്ങിയ സ്ഥലത്തേക്ക് പുറപ്പെട്ട ടി. സിദ്ദിഖ് എംഎൽഎ ചുരത്തിൽ കുടുങ്ങിയത് ഒന്നരമണിക്കൂർ. വാഹനം മുന്നോട്ടെടുക്കാൻ കഴിയാത്ത വിധം കുരുക്കിൽ അകപ്പെട്ടതോടെ ബൈക്കിലാണ് ലക്കിടിയിലേക്ക് പുറപ്പെട്ടത്. താൻ എം.എൽ.എ ആയശേഷം 28 തവണയാണ് ചുരത്തിൽ കുടുങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. താമരശ്ശേരി ചുരം വിഷയത്തിൽ കോഴിക്കോട് ജില്ലാ ഭരണകൂടം വലിയ അനാസ്ഥയാണ് കാണിക്കുന്നത്. നേരത്തെ തയ്യാറാക്കിയ ആക്ഷൻ പ്ലാൻ നടപ്പിലാക്കുന്നില്ല. ചുരത്തിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണവും നടപ്പാക്കുന്നില്ല. നൂറുകണക്കിന് യാത്രക്കാരാണ് ചുരത്തിൽ ഭക്ഷണവും വെള്ളവുമില്ലാതെ വലയുന്നത്. ക്രിസ്മസ് ആഘോഷിക്കാനും മറ്റുമായി വയനാട്ടിലേക്ക് എത്തുന്ന വിനോദ സഞ്ചാരികൾ ഉൾപ്പെടെ വലിയ പ്രയാസത്തിലാണ് ' ഇനിയെങ്കിലും പരിഹാരം കാണാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.