അരവണ നിയന്ത്രണം തുടരുന്നു

Wednesday 17 December 2025 12:53 AM IST

ശബരിമല : വരുമാനത്തിൽ ഗണ്യമായ ഇടിവ് ഉണ്ടാക്കിയേക്കുമെന്ന ആശങ്കയുണ്ടെങ്കിലും സന്നിധാനത്ത് അരവണ വിതരണത്തിൽ നിയന്ത്രണം തുടരുകയാണ്. ഒരു തീർത്ഥാടകന് പരമാവധി 20 ടിന്നുകളാണ് വിതരണം ചെയ്യുന്നത്. കരുതൽ ശേഖരത്തിൽ കുറവുള്ളതുകൊണ്ട് നിയന്ത്രണമെന്നാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം. മണ്ഡലപൂജ കാലമായതിനാൽ ഇനിയുള്ള ദിവസങ്ങളിൽ ഭക്തജനത്തിരക്ക് വർദ്ധിക്കാനും സാദ്ധ്യതയുണ്ട്. ഈ അവസരത്തിൽ നിയന്ത്രണം തുടർന്നാൽ വില്പനയിലൂടെ സമാഹരിക്കാൻ കഴിയുന്ന വരുമാനത്തിൽ വലിയ കുറവുണ്ടാകും.15 ലക്ഷം ടിന്നിലധികം അരവണ കരുതൽ ശേഖരത്തിലുണ്ടെന്നാണ് വിവരം. ശരാശരി മൂന്ന് ലക്ഷത്തിലധികം അരവണ ഒരു ദിവസത്തിൽ വിറ്റുപോയാലും വരുന്ന അഞ്ച് ദിവസത്തേയ്ക്ക് ആവശ്യമായ അരവണയുണ്ടെന്ന് വ്യക്തം.