അപകടം വടശേരിക്കരയിൽ, ബസ് മറിഞ്ഞ് ശബരിമല തീർത്ഥാടകന്റെ കാലറ്റു

Wednesday 17 December 2025 12:01 AM IST

റാന്നി : ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആന്ധ്രാപ്രദേശിൽ നിന്നുള്ള സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് തീർത്ഥാടകന്റെ കാലറ്റു. വടശ്ശേരിക്കര ചമ്പോണിൽ ഇന്നലെ പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടമായ ബസ് റോഡിലേക്ക് മറിയുകയായിരുന്നു.

ആന്ധ്ര ഗുണ്ടൂർ സ്വദേശി ശ്രീനിവാസ റാവു (38) വിന്റെ വൻതുകാലാണ് ബസിന് അടിയിൽപെട്ട് അറ്റുപോയത്. ജാക്കി ഉപയോഗിച്ച് ബസ് ഉയർത്തി ശ്രീനിവാസറാവുവിനെ രക്ഷപ്പെടുത്തുകയായിരുന്നു. ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

നിസാര പരിക്കുകളോടെ 20 പേരെ റാന്നി താലൂക്ക് ആശുപത്രിയിലും പത്തനംതിട്ട ജനറൽ ആശുപത്രിയിലും കോന്നി മെഡിക്കൽ കോളേജിലുമായി പ്രവേശിപ്പിച്ചു. 49 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്.

നാലാമത്തെ ബസ് ബസ് അപകടം

വടശ്ശേരിക്കര - പമ്പ റൂട്ടിലെ ചമ്പോൺ സ്ഥിരം അപകടമേഖലയാണ്. കൊടുംവളവിൽ സ്ഥാപിച്ചിരിക്കുന്ന ഹംബിൽ കയറി ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. പൊലീസും മോട്ടോർ വാഹന വകുപ്പും അഗ്നിശമനസേനയും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ഈ തീർത്ഥാടന കാലത്ത് ഈ റൂട്ടിലുണ്ടാകുന്ന നാലാമത്തെ ബസ് അപകടമാണിത്.

ബസിൽ ഉണ്ടായിരുന്ന യാത്രക്കാർ : 49

പരിക്കേറ്റവർ : 20