ഊഹക്കച്ചവടക്കാരുടെ ഇടപെടലിൽ അടിതെറ്റി രൂപ

Wednesday 17 December 2025 12:01 AM IST

ഡോളറിനെതിരെ മൂല്യം 91 കടന്നു

കൊച്ചി: കയറ്റുമതി രംഗത്തെ മുന്നേറ്റവും ക്രൂഡോയിൽ വിലയിടിവും അടക്കമുള്ള അനുകൂല വാർത്തകൾ അവഗണിച്ച് രൂപ നിലയില്ലാക്കയത്തിലേക്ക് മുങ്ങിത്താഴുന്നു. ആഗോള രംഗത്തെ ഊഹക്കച്ചവടക്കാരുടെ വിപണി ഇടപെടലുകളാണ് രൂപയ്ക്ക് സമ്മർദ്ദം ശക്തമാക്കുന്നത്. വിദേശ സ്ഥാപനങ്ങൾ വൻതോതിൽ പൊസിഷനുകൾ വിറ്റുമാറിയതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നലെ ചരിത്രത്തിലെ ഏറ്റവും താഴ്‌ന്ന തലമായ 91.14വരെ ഇടിഞ്ഞു. വ്യാപാരാന്ത്യത്തിൽ മൂല്യം 23 പൈസ നഷ്‌ടത്തോടെ 91.03ൽ അവസാനിച്ചു. പത്ത് വ്യാപാര ദിനങ്ങളിലാണ് മൂല്യം 90ൽ നിന്ന് 91ലേക്ക് താഴ്ന്നത്. മൂന്ന് ദിവസമായി രൂപ തുടർച്ചയായി താഴേക്ക് നീങ്ങുകയാണ്.

ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ദുർബലമാകുന്നതും ക്രൂഡോയിൽ വിലയിലെ ഇടിവും രൂപയ്ക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. നവംബറിൽ ഇന്ത്യയുടെ കയറ്റുമതി നവംബറിൽ ഇന്ത്യയുടെ കയറ്റുമതി 23.15 ശതമാനം ഉയർന്ന് 3,813 കോടി ഡോളറായതും പിന്തുണയായിരുന്നു. ഇറക്കുമതിയിലും വ്യാപാര കമ്മിയിലും കുറവുണ്ടായിട്ടും രൂപയ്ക്ക് കനത്ത തിരിച്ചടിയുണ്ടായതിൽ ഊഹക്കച്ചവടക്കാരുടെ ഇടപെടലുണ്ടാകാമെന്ന് വിദേശ നാണയ വിപണിയിലെ വ്യാപാരികൾ പറയുന്നു.

മൂല്യം അടുത്ത വർഷം 100 കടന്നേക്കും

ഇപ്പോഴത്തെ ട്രെൻഡുകളനുസരിച്ച് ഡോളറിനെതിരെ രൂപയുടെ മൂല്യം ഈ മാസം 92 വരെ താഴാനിടയുണ്ട്. അടുത്ത വർഷം പകുതിയോടെ രൂപയുടെ മൂല്യം 100 കവിയാനിടയുണ്ടെന്ന് അനലിസ്റ്റുകൾ പറയുന്നു. നടപ്പുവർഷം ഇതുവരെ രൂപയുടെ മൂല്യത്തിൽ ആറ് ശതമാനം ഇടിവാണുണ്ടായത്.

വിദേശ പണമൊഴുക്ക് വെല്ലുവിളി

ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വിദേശ ധനകാര്യ സ്ഥാപനങ്ങൾ മുൻപൊരിക്കലുമില്ലാത്ത വിധത്തിൽ പണം പിൻവലിക്കുന്നതാണ് രൂപയ്ക്ക് പ്രധാന വെല്ലുവിളി. നടപ്പുവർഷം ഇതുവരെ 1.63 ലക്ഷം കോടി രൂപയാണ് വിദേശ ഫണ്ടുകൾ പുറത്തേക്ക് കൊണ്ടുപോയത്.

കാഴ്ചക്കാരായി റിസർവ് ബാങ്ക്

രൂപ കനത്ത തിരിച്ചടി നേരിടുമ്പോഴും റിസർവ് ബാങ്ക് വിപണിയിൽ ഇടപെടുന്നില്ല, സാധാരണ രൂപ സമ്മർദ്ദം നേരിടുമ്പോൾ റിസർവ് ബാങ്ക് പൊതുമേഖല ബാങ്കുകൾ വഴി ഡോളർ വിറ്റഴിച്ച് പിന്തുണ നൽകുന്ന രീതിയാണ് സ്വീകരിച്ചിരുന്നത്. എന്നാൽ ഡിസംബർ ആദ്യ വാരം മുതൽ റിസർവ് ബാങ്ക് നയത്തിൽ മാറ്റം വരുത്തിയതാണ് തിരിച്ചടി രൂക്ഷമാക്കുന്നത്.